Top

'അനുമതി കിട്ടിയാലേ മുന്നോട്ട് പോകൂ'; കെ റെയിലിന് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരെന്ന് ധനമന്ത്രി

കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

26 July 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുമതി കിട്ടിയാലേ മുന്നോട്ട് പോകൂ; കെ റെയിലിന് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരെന്ന് ധനമന്ത്രി
X

കൊല്ലം: കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അനുമതി കിട്ടിയാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂവെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

'കെ റെയിലില്‍ അനുമതി കിട്ടിയിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനുമതി തരാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവര്‍ അനുമതി തരണം. നാടിന് പറ്റുന്ന വികസനം ആണെങ്കില്‍ അനുമതി തരണം. കേന്ദ്രാനുമതിക്ക് ശേഷം മാത്രമേ മുന്നോട്ട് പോകൂ. അനുമതിയുടെ അപേക്ഷ പരിഗണനയിലാണ്.' കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കെ റെയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിന് സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടും സര്‍ക്കാര്‍ നടപടി തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പദ്ധതി സര്‍വ്വേയ്ക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവഴിച്ചാല്‍ ഉത്തരവാദിത്തം കെ റെയിലിനുമാത്രമായിരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചിരുന്നു. പിന്നാലെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കെ റെയില്‍ കോര്‍പ്പറേഷനില്‍ റെയില്‍വേയ്ക്ക് ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാറില്ല. ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി അവസാനിച്ചിട്ടും വവിധ ജില്ലകളില്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടില്ല. പ്രതിഷേധങ്ങളുടെ കൂടി സാഹചര്യത്തില്‍ കല്ലിടലിന് പകരം ജിയോ മാപ്പിങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതും പൂര്‍ത്തിയായില്ല.

Next Story