എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. എബിവിപിയുടെ യൂണിയനാണ് ഏറ്റുമാനൂര്‍ കേന്ദ്രം ഭരിക്കുന്നത്.
15 May 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരുമ്പാവൂര്‍: കാലടി സര്‍വ്വകലാശാല കലോത്സവം കഴിഞ്ഞ് മടങ്ങവേ എസ്എഫ്‌ഐ നേതാവിനെ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. സര്‍വ്വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ നന്ദു കൃഷ്ണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കാലടിയില്‍ നടക്കുന്ന സംസ്‌കൃത സര്‍വ്വകലാശാല കലോത്സവത്തില്‍ പങ്കെടുത്ത് തിരികെ ഏറ്റൂമാനൂരിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ പോകവേ പെരുമ്പാവൂരില്‍ നിന്നും ബസില്‍ കയറിയ എബിവിപി സംഘം നന്ദുവിനെ മര്‍ദിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ കേന്ദ്രത്തിലെ തന്നെ യൂണിറ്റ് ചെയര്‍മാനും എബിവിപി നേതാവുമായ അജീഷ് രാജ്, ജനറല്‍ സെക്രട്ടറി സൂരജ് എന്നിവരുള്‍പ്പെട്ട സംഘമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ആരോപണം.
നന്ദു കൃഷ്ണയുടെ തലയിലും നെറ്റിയലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കലോത്സവത്തിനെത്തിയ എബിവിപി നേതാക്കള്‍ക്ക് ബാഡ്ജ് ലഭിച്ചില്ലെന്ന് പറഞ്ഞ് തര്‍ക്കവും ബഹളവും ഉണ്ടായിരുന്നു. തുടര്‍ന്ന് നന്ദുവിനെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. പിന്നാലെ പിന്തുടര്‍ന്നെത്തി സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. എബിവിപിയുടെ യൂണിയനാണ് ഏറ്റുമാനൂര്‍ കേന്ദ്രം ഭരിക്കുന്നത്.