വനിതാ നേതാവിനെതിരായ അശ്ലീല പരാമര്‍ശം; സിപി മാത്യൂവിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്
കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്ന രാജിചന്ദ്രനെതിരെ സിപി മാത്യൂവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
26 Feb 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്. സിപി മാത്യൂവിന്റെ പ്രസംഗം സിപിഐഎം വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന രാജി ചന്ദ്രന് അവിടെനിന്നും ലഭിക്കുന്നത് ഭരണസുഖമാണെന്നാണ് ഉദ്ദേശിച്ചതെന്നും ഇന്ദു സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതെല്ലാം സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകമാണെന്നും അതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ഇന്ദു സുധാകരന് വിമര്‍ശിച്ചു.
കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്ന രാജിചന്ദ്രനെതിരെ സിപി മാത്യൂവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ പ്രസംഗത്തിലായിരുന്നു സിപി മാത്യൂവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് എല്‍ഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയവര്‍ ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടി വരുമെന്നും നൂറുകണക്കിന് ആളുകളുടെ കഠിന പ്രയത്നമാണ് രാജി ചന്ദ്രനെ വിജയിപ്പിച്ചതെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച പ്രസിഡണ്ട് കൂറുമാറിയത് മാന്യതയില്ലാത്ത നടപടിയാണെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
അശ്ലീല പ്രസംഗത്തിനെതിരെ രാജി ചന്ദ്രന് ഡിവൈഎസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിപി മാത്യവിനെതിരെ കേസ് എടുത്തത്.കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്നതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ സിപി മാത്യൂവിനെതിരെ ജില്ലാ സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സിപിഐഎം നേതൃത്വം പിന്നാലെ അറിയിച്ചു.