Top

'ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ലാഭമാണ്'; ലഖ്നൗ മാള്‍ വിവാദത്തില്‍ എം എ യൂസഫലി

30 July 2022 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ലാഭമാണ്; ലഖ്നൗ മാള്‍ വിവാദത്തില്‍ എം എ യൂസഫലി
X

തൃശൂർ: നെ​ഗറ്റീവ് പബ്ലിസിറ്റി തങ്ങൾക്ക് ലാഭമാണെന്ന് ലഖ്നൗ ലുലു മാൾ വിവാദത്തിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലഖ്നൗ ലുലു മാളിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ല. മാധ്യമങ്ങളാണ് അത് വാർത്തയാക്കിയത്. ഇത്തരം നെ​ഗറ്റീവ് പബ്ലിസിറ്റികൾ ഞങ്ങൾക്ക് ലാഭമാണ്. ഇത്തരം പ്രശ്നങ്ങളെ ശാന്തമായി നേരിടണമെന്നും എം എ യൂസഫലി പറഞ്ഞു. വ്യവസായത്തിലെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. പ്രശ്നങ്ങളും പ്രശ്നങ്ങളില്ലായ്മയും രാജ്യത്തുണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാൻ കഴിയില്ലെന്നും എം എ യൂസഫലി കൂട്ടിച്ചേർത്തു. ഞാന്‍ നല്ല ഒരു ഷോപ്പിങ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് പറയും നന്നായിട്ടുണ്ടെന്ന്. ഒരു തവണകൂടി പറയും. പിന്നെ ആ ആള്‍ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതാണെന്നും യൂസഫലി പറഞ്ഞു.

നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങള്‍ ഞങ്ങള്‍ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാന്‍ പറ്റില്ല. എനിക്ക് റിട്ടയർമെന്റ് ഇല്ല 'മൈ റിട്ടയര്‍മെന്‍റ് ഈസ് ടു ഖബര്‍' എന്നാണെന്നും എം എ യൂസഫലി വ്യക്തമാക്കി.

സംവാദത്തിൽ മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദും സംസാരിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ശാപം അഴിമതിയാണ്. അതിന് ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ടാകണം. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യവസായ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് വേണ്ടത് ഏറ്റവും മികച്ച ഉല്‍പ്പന്നമാണെന്നും എം പി അഹമ്മദ് സംവാദത്തിൽ പറഞ്ഞു. ബിസിനസിന് താന്‍ മാതൃകയാക്കുന്ന രാജ്യം സിംഗപ്പൂര്‍ ആണ്. അവിടെ കച്ചവടം നടത്തുന്നതില്‍ വലിയ ബുദ്ധിമുട്ടുകളില്ല. ഓഫീസ് കയറിയിറങ്ങേണ്ട ആവശ്യമില്ല. എല്ലാം ഡിജിറ്റല്‍ മാനേജ്‌ഡ് ആണ്. ബിസിനസ് കൃത്യമാണെന്നും എം പി അഹമ്മദ് കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: MA Yousafali in Lucknow Lulu Mall Controversy

Next Story