'നാണമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മാപ്പ് ഇരക്കണം'; കയ്യോടെ പിടിച്ചെന്ന് എം സ്വരാജ്
അത് കയ്യോടെ പിടിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം ആണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ വെളിവായി.
31 May 2022 7:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. എല്‍ഡിഎഫ് മണ്ഡലത്തില്‍ വികസനം പ്രചരണ വിഷയമാക്കിയപ്പോള്‍ യുഡിഎഫ്, സ്ഥാനാര്‍ത്ഥിക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യ നടത്തിയെന്നും എം സ്വരാജ് പറഞ്ഞു.
എം സ്വരാജിന്റെ പ്രതികരണം-
ഞങ്ങളെകൊണ്ട് ഇതൊന്നും പറയിപ്പിക്കാതിരിക്കുകയാണ് നല്ലത്. ഈ തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതല്‍ ഇങ്ങോട്ട് ഞങ്ങള്‍ വികസന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ക്രൂരമായി ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന് കുടുംബവും കുട്ടികളും ഭാര്യയും ഉണ്ടെന്ന പരിഗണന പോലും കൊടുക്കാതെ വ്യക്തിഹത്യ ചെയ്ത് കൊള്ളരുതാത്ത ആളാക്കി മാറ്റാനായിരുന്നു ശ്രമം.
അത് കയ്യോടെ പിടിച്ചിരിക്കുന്നു. ഇന്നത്തെ ദിവസം ആണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ വെളിവായി. പ്രതിപക്ഷ നേതാവ് കെട്ടിപൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകര്‍ന്നു വീണു. നാണവും മാനവും ഉണ്ടെങ്കില്‍ ജനാധിപത്യത്തില്‍ തരിമ്പെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കുറ്റം ഏറ്റുപറഞ്ഞ് കേരളത്തിന് മുന്‍പാകെ മാപ്പ് ഇരക്കുകയാണ് യുഡിഎഫും പ്രതിപക്ഷ നേതാവും ചെയ്യേണ്ടത്.
കേസില്‍ കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ്കോയമ്പത്തൂരില് നിന്ന് പിടിയിലായത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.