Top

ലോകായുക്ത: പിണറായി സര്‍ക്കാറിന്റെ വിവാദ ഭേദഗതികള്‍ മുന്‍പ് നായനാര്‍ സര്‍ക്കാര്‍ തള്ളിയവ

ലോകായുക്ത വിധിയില്‍ ഭരണതലത്തില്‍ പുനഃപരിശോധന ഉണ്ടായാല്‍ രാഷ്ട്രീയ പരിഗണന കടന്നുവരുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതായും സഭാ രേഖകളില്‍ വ്യക്തമാക്കുന്നു.

28 Jan 2022 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത: പിണറായി സര്‍ക്കാറിന്റെ വിവാദ ഭേദഗതികള്‍ മുന്‍പ് നായനാര്‍ സര്‍ക്കാര്‍ തള്ളിയവ
X

ലോകായുക്ത നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ പിണറായി സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ നിയമ നിര്‍മാണ സമയത്ത് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ തള്ളിയതെന്ന് നിയമസഭ രേഖകള്‍. ലോകായുക്തയുടെ ഭരണഘടന വിരുദ്ധമായ അധികാരം എന്ന് ഇപ്പോള്‍ ചൂണ്ടിക്കാട്ടപ്പെട്ടുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി അന്വേഷിച്ച് തെളിഞ്ഞാല്‍ സ്ഥാനത്ത് തുടരാന്‍ അയോഗ്യനായി പ്രഖ്യാപിക്കാമെന്ന വ്യവസ്ഥ അന്ന് നിയമസഭയും സബ്ജക്ട് കമ്മിറ്റി പരിഗണിച്ച് തള്ളിയതാണ് എന്നതാണ് നിയമസഭാ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

അഴിമതി കണ്ടെത്തിയാല്‍ അയാള്‍ രാജിവെക്കണമെന്ന് ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത നിര്‍ദേശിക്കുന്നത് എല്ലാ അന്വേഷണവും നടത്തിയാണ്. ആ തീരുമാനത്തില്‍ മുഖ്യമന്ത്രിയോ ഗവര്‍ണറോ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണെന്ന് അന്നത്തെ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകായുക്തയുടെ കണ്ടെത്തല്‍ പിന്നീട് എക്‌സിക്യുട്ടീവ് തലത്തില്‍ പുനഃപരിശോധിക്കുന്നത് ശരിയല്ലെന്നായിരുന്നു അംഗങ്ങളുടെ വാദം. അന്ന് നിയമസഭയില്‍ ഉണ്ടായിരുന്ന ഭരണ പക്ഷ അംഗങ്ങളായ ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, പി രാഘവന്‍ എന്നിവരും, പ്രതിപക്ഷത്തുനിന്ന് ആര്യാടന്‍ മുഹമ്മദ്, ജി. കാര്‍ത്തികേയന്‍, ടിഎം ജേക്കബ്, കെഎം മാണി എന്നിവരും ഈ വാദം ഉയര്‍ത്തി. ലോകായുക്ത വിധിയില്‍ ഭരണതലത്തില്‍ പുനഃപരിശോധന ഉണ്ടായാല്‍ രാഷ്ട്രീയ പരിഗണന കടന്നുവരുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതായും സഭാ രേഖകളില്‍ വ്യക്തമാക്കുന്നു.

98-ല്‍ ഈ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോഴും 1999 ല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോഴും ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍ എന്നീ അധികാര സ്ഥാനങ്ങള്‍ക്ക് തള്ളാനും കൊള്ളാനുമുള്ള അധികാരം വ്യവസ്ഥചെയ്തിരുന്നു. പിന്നീടായിരുന്നു ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെ എതിര്‍ത്തത്. ഇതോടെ വ്യവസ്ഥ പിന്‍വലിക്കാന്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയും ലോകായുക്തയുടെ അധികാരം സംരക്ഷിക്കുന്ന രീതിയില്‍ നിയമം പാസാക്കുകയും ചെയ്യുകയായിരുന്നു. ഇകെ നായനാര്‍ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരാണ് ബില്‍ ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

Next Story