ലോകായുക്തയിലെ സിപിഐ ഭിന്നത; അനുരജ്ഞനത്തിനൊരുങ്ങി കോടിയേരി
നിയമസഭ സമ്മേളിക്കാനിരിക്കെ, തിടുക്കത്തില്‍ എടുത്ത തീരുമാനത്തില്‍ രണ്ടുതവണ കാനം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു
29 Jan 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സിപിഐ- സിപിഐഎം പോര് മുറുകുന്നതിനിടെ കാനം രാജേന്ദ്രനും, കോടിയേരി ബാലകൃഷ്ണനും രണ്ടുദിവസത്തിനകം കൂടിക്കാഴ്ച നടത്തും. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് ഇറക്കിയതിലെ എതിര്‍പ്പ് കാനം കോടിയേരിയെ അറിയിക്കും. വിഷയത്തില്‍ സിപിഐഎം അനുരഞ്ജന നീക്കം നടത്താനാണ് സാധ്യത.
നിയമസഭ സമ്മേളിക്കാനിരിക്കെ, തിടുക്കത്തില്‍ എടുത്ത തീരുമാനത്തില്‍ രണ്ടുതവണ കാനം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിപിഐ മന്ത്രിമാര്‍ ഉണ്ടായിരുന്ന മന്ത്രിസഭായോഗത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നാണ് വിമര്‍ശനത്തെ സിപിഎം പ്രതിരോധിക്കുന്നത്. സിപിഐയുടെ നാല് മന്ത്രിമാരും അന്ന് വിയോജിപ്പ് രേഖപ്പെടുത്തിയില്ല. അതേസമയം നിയമത്തില്‍ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല എന്നാണ് പാര്‍ട്ടി മന്ത്രിമാര്‍ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്. ഇതോടെ ആവശ്യമായ ചര്‍ച്ച നടത്താതെയാണ് ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചത് എന്ന് വ്യക്തമാവുകയാണ്.
വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത പ്രകടമായതോടെ പ്രതിപക്ഷത്തിനും കാര്യങ്ങള്‍ എളുപ്പമായി. അതുകൊണ്ടുതന്നെ വേഗത്തില്‍ പ്രശ്നം പരിഹരിക്കാനാണ് സിപിഎം ശ്രമം.