Top

ലോറി തകർത്ത കുതിരാൻ തുരങ്കത്തിലെ ലെെറ്റുകളും ക്യാമറകളും പുനഃസ്ഥാപിച്ചില്ല; പ്രതിഷേധം

അപകടത്തിൽ തകർന്ന സിസിടിവി ക്യാമറകളുടെയും ലെെറ്റുകളുടെയും അഭാവം നിലവിൽ ഗുരുതര സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്

26 Feb 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോറി തകർത്ത കുതിരാൻ തുരങ്കത്തിലെ ലെെറ്റുകളും ക്യാമറകളും പുനഃസ്ഥാപിച്ചില്ല; പ്രതിഷേധം
X

ലോറിയിടിച്ച് തകർന്ന തൃശൂർ കുതിരാൻ തുരങ്കത്തിലെ സിസിടിവി ക്യാമറകളും ലൈറ്റുകളും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും തുരങ്കത്തിലെ ക്യാമറകളും ലൈറ്റുകളും തകർന്ന അവസ്ഥയിൽ തുടരുകയാണ്. അപകടത്തിൽ തകർന്ന സിസിടിവി ക്യാമറകളുടെയും ലെെറ്റുകളുടെയും അഭാവം നിലവിൽ ഗുരുതര സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

കഴിഞ്ഞ ജനുവരി 20 നാണ് കുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി ഇടിച്ച് ലൈറ്റുകളും ക്യാമറകളും തകർന്നത്. പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്താണ് അപകടം ഉണ്ടായത്. തുരങ്കത്തിൽ ഇടിച്ച ടിപ്പർ ലോറിയുടെ പിൻഭാഗം ഉയർന്ന നിലയിലായിരുന്നു. അമിത വേഗത്തിലെത്തിയ ലോറി തുരങ്കത്തിൽ സ്ഥാപിച്ചിരുന്ന 104 എൽ ഇ ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും സെൻസറുകളുമാണ് തകർത്തത്. അപകടത്തെ തുടർന്ന് തുരങ്കത്തിന്റെ ഒരു ഭാഗത്തെ 90 മീറ്ററോളം ദൂരത്താണ് വെട്ടമില്ലാതായത്. അന്നുണ്ടായ ടിപ്പർ ലോറി അപകടത്തിൽ 12 ലക്ഷം രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായതെന്നാണ് കണക്കുകൾ.

തുരങ്കത്തിലെ തകർന്ന ലെെറ്റുകളും ക്യാമറകളും പുനസ്ഥാപിക്കാത്തത് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഇതിന് കാലതാമസമുണ്ടെന്നുമാണ് നടപടി വെെകുന്നതിൽ കരാർ കമ്പനി നൽകുന്ന വിശദീകരണം. രണ്ട് തുരങ്കങ്ങളുടെയും ഇരുവശത്തും പുതിയ ക്യാമറ സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്.

Story highlights: lights and cameras in the kuthiran tunnel were not restored

Next Story