ബിനീഷ് നാളെ പുറത്തിറങ്ങും; 'നിയമപ്പോരാട്ടം വിജയിച്ചു, എല്ലാവര്ക്കും നന്ദി'
'ജയില്‍ മോചനത്തിന് വേണ്ടി സഹകരിച്ച് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു'
28 Oct 2021 10:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഹരി ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി നാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങും. സഹോദരന് ബിനോയി കോടിയേരിയാണ് ഇക്കാര്യം പറഞ്ഞു. മാസങ്ങള്‍ നീണ്ട വലിയ നിയമപ്പോരാട്ടത്തിനൊടുവിലാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വളരെ അധികം സന്തോഷമുണ്ടെന്നും ബിനോയി പ്രതികരിച്ചു. ജയില്‍ മോചനത്തിന് വേണ്ടി സഹകരിച്ച് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. നാളെ വൈകുന്നേരത്തിനുള്ളില്‍ ബിനീഷിന് ഇറങ്ങാന്‍ സാധിക്കും. ഇതിനായിട്ടുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനീഷ് നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പ്രതികരിച്ചു. അന്വേഷണസംഘത്തിന് ബിനീഷിന്റെ മേല്‍ ഒരു കുറ്റവും ചുമത്താന്‍ സാധിക്കില്ല. ജാമ്യയുമായി ബന്ധപ്പെട്ട വിധി പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. എന്തൊക്കെ ഉപാധികളാണെന്ന് വ്യക്തമല്ലെന്നും അഭിഭാഷകന് പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
2020 ആഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ ഇവര്‍ പറഞ്ഞതോടെയാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.
സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് ബിനീഷ് വാദിച്ചിരുന്നു.