സിപിഐഎം,കോണ്‍ഗ്രസ്,ബിജെപി, വീണ്ടും സിപിഐഎം; മാമ്പഴത്തറ സലീമിന് വീണ്ടും വിജയം
18 May 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാമ്പഴത്തറ സലീമാണ് വിജയിച്ചത്. 245 വോട്ടുകള്‍ക്കാണ് വിജയം.
ബിജെപി നേതാവായിരുന്ന മാമ്പഴത്തറ സലിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തംഗവും രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മേഖലയിലെ സിപിഐഎമ്മിന്റെ പ്രധാന നേതാവായിരുന്നു സലിം. ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിന്നീട് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും സലീം വൈസ് പ്രസിഡന്റായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. നാല് വര്‍ഷത്തോളം ബിജെപി നേതൃത്വത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്തംഗവുമായി. തോട്ടം തൊഴിലാളികളെയടക്കം സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാണ് സലീം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു. വീണ്ടും വിജയിച്ചു കയറി.
- TAGS:
- Kollam
- Local Body Election
- UDF
- BJP
- CPIM