Top

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃത്താലയിൽ കുമ്പിടി ഡിവിഷൻ നിലനി‍ർത്തി എൽഡിഎഫ്

10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പത്തിടത്ത് ജയിച്ചു

22 July 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃത്താലയിൽ കുമ്പിടി ഡിവിഷൻ നിലനി‍ർത്തി എൽഡിഎഫ്
X

പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷനില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി സ്‌നേഹയ്ക്ക് ജയം. 1693 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പി വി വനജയും ലിബിനി സുരേഷുമായിരുന്നു യഥാക്രമം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് മെമ്പറായിരുന്ന ടി പി സുഭദ്രയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പത്തിടത്ത് ജയിച്ചു. യുഡിഎഫ് ആറ് വാർഡുകളിൽ ജയിച്ചു. എൽഡിഎഫിൽ നിന്നും ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ബി ജെ പി ഒരു സീറ്റ് നിലനിർത്തി.

തിക്കോടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. സിപിഐഎം സ്ഥാനാര്‍ത്ഥി ഷീബ പുല്‍പ്പാണ്ടി വാര്‍ഡ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. അഖില പുതിയോട്ടിലിനേക്കാള്‍ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 791 വോട്ടുകളാണ് ഷീബയ്ക്ക് ലഭിച്ചത്.

അഡ്വ. അഖില പുതിയോട്ടിലിന് 343 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ബിന്‍സി ഷാജിക്ക് 209 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആകെ പോള്‍ ചെയ്ത വോട്ട് 1343 ആണ്.

ആലപ്പുഴയിൽ പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ സജി കുമാര്‍ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എസ് രവീന്ദ്രന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐഎഎമ്മിലെ കെ ബിജു അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

കൊല്ലം ജില്ലയിലെ ചവറ, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ യുഡിഎഫും ബിജെപിയും നിലനിർത്തി. കൊറ്റൻകുളങ്ങര വാർഡിൽ ആർഎസ്പി സ്ഥാനാ‍ർത്ഥി അംബികദേവി 123 വോട്ടുകൾക്ക് വിജയിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് ആലുംമൂട് വാർഡിൽ ബിജെപി സ്ഥാനാർത്ഥി ശ്രീജിത്ത് ജെ 22 വോട്ടുകൾക്ക് ജയിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കേരള കോണ്ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന മിനു മനോജ്‌ സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 477, യുഡിഎഫ് 261, ബിജെപി 99 എന്നിങ്ങനെയാണ് വോട്ട് നില. എന്നാൽ ഫലം ഭരണത്തെ ബാധിക്കില്ല.

തൃശൂർ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. 416 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രേമലത വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഗ്രീഷ്മ പി ആർ 121 വോട്ട് നേടി.

ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 8, യുഡിഎഫ് 6 ,ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ആലുവ നഗര സഭാ 22-ാം വാർഡ് ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നില നിർത്തി. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ വിദ്യാ ബിജു വിജയിച്ചു. 168 വോട്ടാണ് വിദ്യ ബിജുവിന് ലഭിച്ചത്. ജെബി മേത്തര്‍ എം പി ആയതോടെ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

STORY HIGHLIGHT: LDF retained the ward of Thrithala division in the by-elections

Next Story