എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു; പാണ്ടനാടും ബിജെപിക്ക് അധികാര നഷ്ടം
6 Jun 2022 2:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപിയുടെ പി സി സുരേന്ദ്രന് സ്ഥാനഭ്രഷ്ടനായത്. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ യുഡിഎഫിന്റെ രണ്ട് അംഗങ്ങളാണ് പിന്തുണച്ചത്. 13 അംഗ ഭരണസമിതിയില്‍ ഏഴുപേര്‍ അവിശ്വാസത്തെ അനുകൂലിച്ചപ്പോള്‍ ബിജെപിയുടെ 6 അംഗങ്ങല്‍ വിട്ടുനിന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ വേറിട്ടാണ് മത്സരിച്ചത്. തൽഫലമായി ആറംഗങ്ങളുടെ പിന്തുണയോടെ ബിജെപിയുടെ ആശ വി നായരും, പി സി സുരേന്ദ്രനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിങ്ങനെ യഥാക്രമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നുംതന്നെ പഞ്ചായത്തിന് അനുവദിക്കുന്നില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിക്കുകയും മന്ത്രി സജി ചെറിയാന്റെയും കെടിക്കുന്നില്‍ സുരേഷ് എം പിയുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്ത വൈസ് പ്രസിഡന്റ് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നെന്ന് ഇടതു പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗോപന് കെ ഉണ്ണിത്താന് ആരോപിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എം വി ഗോപകുമാറിന്റെ തട്ടകമാണ് പാണ്ടനാട് പഞ്ചായത്ത്. ശനിയാഴ്ചയാണ് ചെങ്ങന്നൂര്‍ ബിഡിഒ വരണാധികാരിയായി നടന്ന യോഗത്തിലാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം പാസ്സാക്കിയത്.
നേരത്തെ കോടംതുരുത്ത് പഞ്ചായത്തിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. കഴിഞ്ഞമാസം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപെട്ടു. കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഇടത് മെമ്പറുമാരും പിന്തുണച്ചതോടെയാണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാന ഭ്രഷ്ടരായത്. പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖില രാജന് എന്നിവര്‍ക്കെതിരെയായിരുന്നു അവിശ്വാസ പ്രമേയം. അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ്, ഭരണകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍.
15 അംഗങ്ങളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. ഏഴ് മെമ്പറുമാരായാണ് ബിജെപി ഭരണം പിടിച്ചത്. കോണ്‍ഗ്രസിന് അഞ്ചും സിപിഐഎമ്മിന് രണ്ടും സിപിഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
STORY HIGHLIGHTS: BJP loses power in Pandanad Grama Panchayat