Top

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ സഭ; ഇന്ന് വൈദികർ ഉപവാസമിരിക്കും

കേരള റീജയണൽ ലാറ്റിൻ കാത്തലിക്ക് കൗണസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

4 Sep 2022 6:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ സഭ; ഇന്ന് വൈദികർ ഉപവാസമിരിക്കും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുളള സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ സഭ. ഇന്ന് വൈദികർ ഉപവാസമിരിക്കും. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെയും മുൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും നേതൃത്വത്തിലായിരിക്കും ഉപവാസ സമരം സംഘടിപ്പിക്കുക. കേരള റീജയണൽ ലാറ്റിൻ കാത്തലിക്ക് കൗണസിലിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരിൽ മാർച്ചും നടത്തും. വൈദികരുടെ കൂടെ അൽമായരും ഇന്ന് ഉപവാസമിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വൈദികർ ഉപവാസമിരിക്കുമെന്നാണ് ലത്തീൻ സഭ പറയുന്നത്. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് നിസ്സാര ധനസഹായം നൽകി സമരത്തെ ഒതുക്കി തീർക്കാനാണ് സ‍ർക്കാരിൻ്റെ ശ്രമം, ഇത് അം​ഗീകരിക്കില്ലെന്നും ലത്തീൻ സഭ പറഞ്ഞു.

തുറമുഖ നിർമ്മാണ നിർത്തിവച്ചുള്ള പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇന്നലെ പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. സമരസമിതി സർക്കാരിന് മുമ്പിൽ വെച്ച ഏഴ് ആവശ്യങ്ങളിലും ഉറച്ചു നില്‍ക്കുന്നുവെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നല്‍കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

പദ്ധതി പ്രദേശത്തേക്ക് കടക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സമരസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: Latin Church to strengthen Vizhinjam strike

Next Story