Top

'പ്രതിഷേധങ്ങൾക്ക് കാത് കൊടുത്തെന്നത് വലിയ കാര്യം'; യഥാർത്ഥ നീതി അകലെയാണെങ്കിലും ശ്രീറാമിനെ മാറ്റിയ നടപടി ആശ്വാസകരമെന്ന് വിനീത എം വി

1 Aug 2022 11:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധങ്ങൾക്ക് കാത് കൊടുത്തെന്നത് വലിയ കാര്യം; യഥാർത്ഥ നീതി അകലെയാണെങ്കിലും ശ്രീറാമിനെ മാറ്റിയ നടപടി ആശ്വാസകരമെന്ന് വിനീത എം വി
X

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടർ പദവിയിൽ നിന്നും നീക്കം ചെയ്തത് ആശ്വാസകരമായ കാര്യമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ നിയുക്ത സംസ്ഥാന പ്രസിഡന്റ് എം വി വിനീത. യഥാർത്ഥ നീതി അകലെയാണെങ്കിലും സർക്കാർ ചെയ്ത സമാനതകളില്ലാത്ത നീതികേട് തിരുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ചെയ്ത കുറ്റം മറച്ചുവെക്കാൻ ശ്രീറാമിനെ സഹായിച്ച സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സർക്കാർ സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വിനീത പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

'വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ദാരുണമായ മരണത്തിനു കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തു നിന്നും മാറ്റുവാൻ സർക്കാർ നിർബന്ധിതമായി. ആശ്വാസകരമായ കാര്യം.ഒരു ചെറുപ്പക്കാരനെ മദ്യലഹരിയിൽ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത്‌ താൻ ചെയ്ത കുറ്റകൃത്യം മറച്ചുവെയ്ക്കുകയുമാണ് അയാൾ ചെയ്തത്. അതിന് ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും അയാളെ സഹായിക്കുകയും ചെയ്തു. അങ്ങനെ സഹായിച്ചവർക്കെതിരെ എന്ത് നടപടി സർക്കാർ സ്വീകരിച്ചു എന്ന ചോദ്യം കേട്ട മട്ടില്ല.നിയമപരമായ ഒരു ബാധ്യതയും ഇല്ലാതിരുന്നിട്ടും എന്തിനു വേണ്ടിയാണു ശ്രീറാമിനെ ജില്ലയുടെ ഭരണാധികാരി ആക്കിയതെന്നുള്ള ചോദ്യത്തിനും മറുപടിയില്ല. ബഷീറിനെ കൊലപ്പെടുത്തിയ ശേഷം ശ്രീറാം എന്ന ക്രിമിനൽ നടത്തിയ ആഭാസ നാടകങ്ങൾക്ക് സമാനമായിരുന്നു ഒരു കള്ളനെ പൊലെ പതുങ്ങി ആലപ്പുഴ ജില്ലാ കളക്ടർ ആയി ചുമതല ഏറ്റെടുക്കാനുള്ള അയാളുടെ വരവും.പ്രതിഷേധങ്ങൾക്ക് കാത് കൊടുക്കാൻ തയ്യാറായി എന്നത് തന്നെ വലിയ കാര്യമാണ്. ബഷീറിന്റെ പ്രിയപ്പെട്ടവരുടെ മനസിന് മുറിവേറ്റ ദിനങ്ങളാണ് കഴിഞ്ഞു പോയത്. അവർക്ക് അൽപ്പമെങ്കിലും ആശ്വസിക്കാം. യഥാർത്ഥ നീതി അകലെയാണെങ്കിലും സർക്കാർ ചെയ്ത സമാനതകളില്ലാത്ത നീതികേട് തിരുത്തപ്പെട്ടിരിക്കുന്നു. ബഷീർ നിങ്ങളെക്കണക്ക് ഒരു മനുഷ്യനാവാൻ ശ്രീറാമിന് കഴിയില്ലെന്ന് അയാൾ ആവർത്തിച്ചു തെളിയിക്കുമ്പോൾ നിങ്ങളിലെ മനുഷ്യൻ ഉയർന്നു തന്നെ നിൽക്കും.'

പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ദിവസങ്ങൾക്കകമാണ് ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം പുറത്തുവന്നത്. സപ്ലൈകോ ജനറൽ മാനേജരായാണ് പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവർത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. 67,700 രൂപമുതൽ 2,08,700 വരെയാണ് ഈ പദവിയിൽ വേതനമായി ലഭിക്കുക. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണ തേജയാണ് ശ്രീറാമിന് പകരം ആലപ്പുഴ കളക്ടറാകുക. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്.

STORY HIGHLIGHTS:

Next Story