കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎം; ലോകായുക്ത ഭേദഗതിക്കെതിരെ കുമ്മനം
പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം.
25 Jan 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്ത നിയമഭേദഗതിക്കെതിരെ വിമർശനവുമായി ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. നിയമത്തിന്റെ ചിറകുകൾ അരിഞ്ഞു കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎമ്മെന്ന് കുമ്മനം കുറ്റപ്പെടുത്തി. ലോകായുക്ത ഭേദഗതി അനാവശ്യമാണ്. ലോകായുക്തയെ നിർവീര്യമാക്കുന്ന സർക്കാരിന്റെ നിർദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്നും കുമ്മനം പറഞ്ഞു.
പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം. അഴിമതികേസിൽ വിചാരണ നേരിടുന്ന മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും തൽസ്ഥാനത്തു തുടരാൻ ഇതോടെ അവസരമൊരുങ്ങും. അഴിമതി രഹിതമായ സംശുദ്ധ ഭരണം ഉറപ്പ് വരുത്തുന്നതിനാണ് ലോകായുക്ത നിയമമുണ്ടായത്.
ലോക്പാൽ നിയമം വഴി എല്ലാ കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തി അധികാരികളെ അഴിമതി കേസിൽ നിയമത്തിന്റെ മൂന്നിൽ കൊണ്ടുവരാൻ വ്യവസ്ഥ ഉണ്ടായി. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഈ നിയമം എല്ലാം നിലവിൽ വന്നത്. സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ലോക്പാൽ - ലോകായുക്ത നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു. എന്നാൽ അഴിമതി കേസുകളിൽ സ്വന്തം നേതാക്കൾ ഓരോരുത്തരായി കുറ്റവാളികളായി ലോകായുക്ത കണ്ടെത്തിയപ്പോൾ സിപിഐഎം നിലപാട് തിരുത്തിയെന്നും കുമ്മനം പറഞ്ഞു.