Top

'പ്രമുഖ നടിയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും'; ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുകയെന്ന് കെകെ രമ

രാമന്‍പിളളയെന്ന അഭിഭാഷകന് ടിപി കേസില്‍ ഉള്‍പ്പടെയുളളതിനുളള പ്രത്യുപകാരം കൂടിയായിട്ടാണ് ഈ കേസ് ഈ രൂപത്തിലേക്ക് പോവുന്നത്.

23 May 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രമുഖ നടിയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും; ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുകയെന്ന് കെകെ രമ
X

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടിക്ക് നീതി കിട്ടില്ലെന്ന് കെ കെ രമ എംഎൽഎ. സർക്കാരിനെ വിശ്വസിച്ചാണ് ആ പെൺകുട്ടി ഇതുവരെ നിന്നത്. എന്നാൽ ഇപ്പോള്‍ അവള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട സാഹചര്യം വന്നിരിക്കുകയാണ്. സർക്കാർ കേസ് അട്ടിമറിച്ചുവെന്നും കെകെ രമ ആരോപിച്ചു. സംഭവിച്ചത് ടി പി കേസിൽ നടന്നതിന് തുല്യമാണെന്നും രമ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ പോകുന്നതിൽ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.

കെ കെ രമയുടെ വാക്കുകൾ,

'വളരെ ഗുരുതരമായ കാര്യമാണിത്. ഒരു പെണ്‍കുട്ടി അഞ്ചു വര്‍ഷത്തിലധികമായി തനിക്ക് നീതി കിട്ടാനായി വിവിധ കോടതികള്‍ കയറിയിറങ്ങുകയാണ്. സര്‍ക്കാരിനെ വിശ്വസിച്ചാണ് അവള്‍ ഇതുവരെ നിന്നത്. ഇപ്പോള്‍ അവള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട ഒരു സാഹചര്യം വന്നിരിക്കുന്നു.'

'ഇത് അങ്ങനെ അവസാനിപ്പിച്ചുകൊടുക്കാന്‍ പറ്റില്ല. ഇവിടെ ഏറ്റവും പ്രമുഖയായ നടിയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുക. നീതിന്യായ വ്യവസ്ഥയില്‍ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നെല്ലാം പ്രതിക്ക് വിവരങ്ങള്‍ പോവുകയാണ്, എല്ലാ സ്ഥലങ്ങളില്‍ നിന്നും. ഇത് എന്ത് നാടാണ്. ഇതാണോ കേരളം.'

'തീര്‍ച്ചയായും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരണം. കേരള സമൂഹം ഒന്നടങ്കം ഇതിനെതിരെ നില്‍ക്കണം. ഇത്തരമൊരു സാഹചര്യം അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ലോക്‌നാഥ് ബെഹ്‌റയുള്‍പ്പെടെ ഇതിനകത്ത് ഇടപെട്ട വിഷയങ്ങള്‍ നമ്മുക്കറിയാം. ഇതിനെതിരെ എന്ത് നടപടിയാണ് എടുത്തത്. എല്ലാ സംവിധാനങ്ങളും ഒന്നിച്ചു നില്‍ക്കുകയാണ്.'

'രാമന്‍പിളളയെന്ന അഭിഭാഷകന് ടിപി കേസില്‍ ഉള്‍പ്പടെയുളളതിനുളള പ്രത്യുപകാരം കൂടിയായിട്ടാണ് ഈ കേസ് ഈ രൂപത്തിലേക്ക് പോവുന്നത്. ഈ വിഷയം വരുമ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുളളവര്‍ തയ്യാറാവുകു. ആരേയാണ് ഈ സ്ത്രീ സംഘടനകള്‍ പേടിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡബ്ല്യുസിസിയുടെ പ്രതികരണം പോലും കണ്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സര്‍ക്കാര്‍. ഞങ്ങള്‍ അതിജീവിതയോടൊപ്പമാണ് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുളളത്.'

'അന്വേഷണ ഉദ്യോഗസ്ഥരെ സ്വതന്ത്ര്യമായി അന്വേഷിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു, ഇടതു മുന്നണിയുടെ കണ്‍വീനര്‍ മാറുന്നു, പൊളിറ്റിക്കല്‍ സെക്രട്ടറി മാറുന്നു, അപ്പോഴേക്കും ഈ കേസില്‍ വളരെ കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. പണമാണ് ഇവിടെ ഭരിക്കുന്നത്, പണമുളളവന് ഇവിടെ എന്തും നടക്കും. സാധാരണക്കാരന് ഒരു നീതിയും ലഭിക്കില്ല. പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്തു വരണമെന്നാണ് എനിക്ക് പറയാനുളളത്.'

STORY HIGHLIGHTS: KK Rema MLA on Actress Attack Case

Next Story