കിറ്റക്സിലെ തൊഴിലാളി ക്യാമ്പുകളില്‍ ഇന്ന് തൊഴില്‍ വകുപ്പ് പരിശോധന
29 Dec 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിഴക്കമ്പലം കിറ്റക്സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കിറ്റക്സ് തൊഴിലാളി ക്യാമ്പുകളില്‍ ഇന്ന് തൊഴില്‍ വകുപ്പ് പരിശോധന നടത്തിയേക്കും. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പ്രതികള്‍ മൊബൈലില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുക്കുന്നുണ്ട്. ഇന്നലെ പിടിയിലായ 10 പേരടക്കം ഇതുവരുെ 174 തൊഴിലാളികള്‍ കേസില്‍ അറസ്റ്റിലായി. പ്രധാന പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് അന്വേഷിച്ച് വരികയാണ്.
ഇതിനിടെ കിഴക്കമ്പലം ആക്രമണത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചതായി പരാമര്‍ശമുണ്ടെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും മാനേജ്മെന്റ് എടുത്ത നടപടികളും അന്വേഷണത്തില്‍ പരിശോധിക്കും. ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വ്യക്തമാക്കി.