Top

'മണ്ണെണ്ണ സബ്‌സിഡി നിര്‍ത്തേണ്ട സാഹചര്യം'; കേന്ദ്ര മന്ത്രിമാരെ കാണാന്‍ മന്ത്രി ജി ആര്‍ അനില്‍

6 April 2022 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ണെണ്ണ സബ്‌സിഡി നിര്‍ത്തേണ്ട സാഹചര്യം; കേന്ദ്ര മന്ത്രിമാരെ കാണാന്‍ മന്ത്രി ജി ആര്‍ അനില്‍
X

തിരുവനന്തപുരം: കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡിയും നിര്‍ത്തേണ്ടി വരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് പെട്രോളിയം, ഭക്ഷ്യ മന്ത്രിമാരെ നേരിട്ട് കണ്ട് സഹായമഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.

'കേരളത്തില്‍ 40 രൂപയ്ക്ക് താഴെ വിലയുണ്ടായിരുന്ന സമയത്താണ് മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ സര്‍ക്കാര്‍ സബ്‌സിഡി കൊടുത്തത്. ഇന്നിപ്പോള്‍ 81-82 രൂപയാവുകയാണ്. ഇനി എത്ര കണ്ട് സബ്‌സിഡി കൊടുത്ത് നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മണ്ണെണ്ണയുടെ വില വര്‍ധിച്ചപ്പോള്‍ മണ്ണെണ്ണ വാങ്ങുന്നത് ഉപേക്ഷിച്ച നിലപാടാണ് അവിടെ സ്വീകരിച്ചത്. ആ മാനദണ്ഡം വെച്ചാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മണ്ണെണ്ണയുടെ വിഹിതം വെട്ടിക്കുറച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ പോയപ്പോള്‍ അവര്‍ക്കുള്ള അലോട്‌മെന്റില്‍ ഒരു കുറവും വരുത്തിയില്ല,' മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി കുറച്ച് 3888 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് മൂന്ന് മാസത്തിലൊരിക്കല്‍ തരുന്നത്. പരിമിതമായിട്ടുള്ള ഈ മണ്ണെണ്ണ ഉപയോഗപ്പെടുത്തിയാണ് കേരളത്തിലെ എല്ലാ കാര്‍ഡുടമകള്‍ക്കും മത്സ്യബന്ധന മേഖലയിലെ പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മണ്ണെണ്ണ വില 59 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 81 രൂപയായാണ് കൂട്ടിയത്. മൊത്തവ്യാപാര വില്‍പന 77 രൂപയിലേക്കും. ഇതിനു പുറമെ കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയായിരുന്നു കേന്ദ്രം മണ്ണെണ്ണ വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തിയത്.

story highlight: kerosene price hike; minister g r anil to meet central ministers

Next Story