തൃശൂരില്‍ യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവം: മെഡിക്കല്‍ കോളേജിന് വീഴ്ചയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
വീഴ്ചയുണ്ടായത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെന്നാണ് റിപ്പോര്‍ട്ട്
6 Feb 2023 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂര്‍: ആംബുലന്‍സില്‍ വെച്ച് യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.വീഴ്ചയുണ്ടായത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറും.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് 108 ആംബുലന്‍സിലാണ് യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. വനിതാ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല. യുവതിയുടെ വസ്ത്രം മാറ്റിയ ശേഷമാണ് അതിക്രമം നടന്നത്. യുവതി ഈ സമയം അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. നേരിട്ട ദുരനുഭവം മെഡിക്കല്‍ കോളേജിലെത്തിയ ശേഷം യുവതി വെളിപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ചാണ് പൊലീസില്‍ വിവരം കൈമാറിയത്.
അടുത്ത ബന്ധു എന്നാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താല്‍കാലിക ജീവനക്കാരന്‍ ദയാലാല്‍ മെഡിക്കല്‍ കോളേജില്‍ പറഞ്ഞത്. കേസ് ഷീറ്റിലുള്‍പ്പെടെ കെയര്‍ ഓഫ് ആയി ഇയാളുടെ പേരാണ് നല്‍കിയത്. അത്യാസന്ന നിലയിലുള്ള രോഗിക്കൊപ്പം വിടേണ്ടിയിരുന്നത് വനിതാ ജീവനക്കാരെയാണെന്നിരിക്കെ ആംബുലന്‍സില്‍ ഇയാളെ കയറ്റി വിട്ട സംഭവത്തില്‍ അന്വേഷണമുണ്ടാകും. ദയാലാല്‍ ആംബുലന്‍സില്‍ കയറിയത് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ കോളേജില്‍ യുവതിയെ പരിചരിച്ചത് വനിതാ ജീവനക്കാരാണ്. ഇവരോടാണ് യുവതി അതിക്രമവിവരം പറഞ്ഞത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താത്ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Story Highlights: Initial Report In Thrissur Medical College Incident