Top

'എൽദോസ് കുന്നപ്പിള്ളി രാജി വെയ്ക്കണം'; സതീശനും സുധാകരനും മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ

11 Oct 2022 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എൽദോസ് കുന്നപ്പിള്ളി രാജി വെയ്ക്കണം; സതീശനും സുധാകരനും മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ
X

പറവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ. പീഢന പരാതിയിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നും ഡിവെഐഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു.

കോവളം സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടയിൽ പരാതിക്കാരി കുഴഞ്ഞ് വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എല്‍ദോസ് കുന്നപ്പള്ളി കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്. എംഎല്‍എക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമാണ് യുവതിയുടെ മൊഴി. കോവളത്ത് കാറില്‍ യാത്ര ചെയ്യവേ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് അധ്യാപികയായ യുവതി ആരോപിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.

കഴിഞ്ഞ മാസം 14 നാണ് എല്‍ദോസ് കുന്നപ്പള്ളിയും യുവതിയും കോവളത്തെത്തിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ എല്‍ദോസ് മര്‍ദിച്ചെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് വാര്‍ത്തയായതോടെയാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

കോവളം എസ്എച്ചഒക്കെതിരെയാണ് ഒത്തുതീര്‍പ്പ് ആരോപണം ഉയര്‍ന്നത്. എംഎല്‍എ എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ പണം വാഗ്ദാനം ചെയ്‌തെന്ന് യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തിങ്കളാഴ്ച്ച വൈകിട്ട് കോവളം സ്റ്റേഷനില്‍ ഹാജരായ യുവതി, പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.

STORY HIGHLIGHTS: DYFI wants MLA Eldose P Kunnapillil to resign

Next Story