Top

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തി

1 May 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
X

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള വര്‍ധനവ്, അലവന്‍സ്, സ്ഥാനക്കയറ്റം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓണ്‍ലൈന്‍ യോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ യോഗങ്ങളും, ട്രെയ്‌നിംഗുകളും ബഹിഷ്‌കരിക്കുക, ഇ സഞ്ജീവനി, വിഐപി ഡ്യൂട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുക, സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ക്യാമ്പുകള്‍ മേളകള്‍ എന്നിവയില്‍ പങ്കെടുക്കാതിരിക്കുക. തുടങ്ങി കടുത്ത സമര നടപടികളിലേക്കാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ നീങ്ങുന്നത്. ഒരുവര്‍ഷത്തോളം രോഗി പരിചരണത്തില്‍ വീഴച്ച വരുത്താതെയുള്ള സമരമാണ് ആദ്യം നടത്തിയിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരെ പ്രതൃക്ഷ സമരത്തിലേക്ക് തള്ളി വിടാതെ സംഘടനയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

നേരത്തെ ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പിന്‍മേലാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. നില്‍പ്പ് സമരം നിസ്സഹരണ സമരം സെക്രട്ടറിയേറ്റ് ധര്‍ണ എന്നീ സമരമാര്‍ഗങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടു നിന്നിരുന്നു.

ഈ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പില്‍ സെക്രട്ടറിയും കെജിഎംഒഎയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രേഖ മൂലം ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെജിഎംഒഎ സമരം നിര്‍ത്തിയത്.

'ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചും, റൂറല്‍ - ഡിഫിക്കള്‍ട്ട് റൂറല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയുണ്ടാകും. എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്‌സണല്‍ പേ വിഷയത്തില്‍ ഉണ്ടായ നഷ്ടവും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങള്‍ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാല്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകും.' കെജിഎംഒക്ക് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പാണിത്.

ഇതിനെ തുടര്‍ന്നാണ് കെജിഎംഒഎ നടത്തി വന്ന പ്രതിഷേധ പരിപാടികള്‍ മാറ്റിവച്ചത്. എന്നാല്‍ തികച്ചും അപലപനീയമാം വിധം നാളിതുവരെയായും ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് കോവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ഇതിനെതിരെ പ്രതിഷേധം പുനരാരംഭിക്കാന്‍ കെജിഎംഒഎ നിര്‍ബന്ധിതമായിരിക്കുകയാണ്. കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചു.

STORY HIGHLIGHTS: Doctors go on strike over non-fulfillment of government assurances

Next Story