Top

മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; 'കരാറുകാരനെയും കൂട്ടി എംഎല്‍എ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല'

ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ല.

20 Oct 2021 1:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; കരാറുകാരനെയും കൂട്ടി എംഎല്‍എ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല
X

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഐഎമ്മിന് വ്യത്യസ്ത അഭിപ്രായമില്ലെന്നും റിയാസിന്റേത് പാര്‍ട്ടി നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ''ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ല. ഇപ്പോള്‍ അല്ല, നേരത്തെയുമില്ല. 1996ല്‍ ഞാന്‍ വൈദ്യുതി മന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ്. അന്ന് എന്റെ അടുത്ത് ഒരു എംഎല്‍എ ഒരു കരാറുകാരനെ കൂട്ടി വന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടത് അല്ലെന്ന്. കരാറുകാരനെയും കൂട്ടി എംഎല്‍എ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല. പാര്‍ട്ടിക്കൊരു നിലപാടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റ് വ്യത്യസ്ത അഭിപ്രായങ്ങളില്ല.''

മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നിലപാടിന് അനുസരിച്ച കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എ വിജയരാഘവന്‍ പറഞ്ഞത്: ''സമന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഐഎം നല്‍കാറുണ്ട്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്. നല്ല നിലയില്‍ തന്നെയാണ് സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിച്ചുവരുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഐഎമ്മിനുണ്ട്. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.''

എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഏഴാം തീയതി മുഹമ്മദ് റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം. പരാമര്‍ശത്തില്‍ തനിക്കെതിരെ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി റിയാസ് രംഗത്തെത്തിയിരുന്നു. ''ഖേദം പ്രകടിപ്പിച്ചു എന്നൊക്കെ വ്യാപകമായി ഒരുപോലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. എംഎല്‍എമാരുടെ യോഗത്തില്‍ അത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞിട്ടുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അത് എല്ലാ കരാറുകാര്‍ക്കുമെതിരെയല്ല, കരാറുകാരുടെ പ്രശ്‌നത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കരാറുകാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയത്. പറഞ്ഞതില്‍ നിന്നും ഒരടി പിന്നോട്ട് പോകില്ല. ഉറച്ച് നില്‍ക്കും. എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കുന്നൊരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ല.''


Next Story

Popular Stories