Top

കോഴിക്കോട് മുട്ടക്കള്ളന്‍മാര്‍ പിടിയില്‍; തട്ടിയെടുത്തത് 15000 മുട്ടകള്‍, ട്രേയും ഗുഡ്‌സ് ഓട്ടോറിക്ഷയും

24 Jan 2023 3:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് മുട്ടക്കള്ളന്‍മാര്‍ പിടിയില്‍; തട്ടിയെടുത്തത് 15000 മുട്ടകള്‍, ട്രേയും ഗുഡ്‌സ് ഓട്ടോറിക്ഷയും
X

കോഴിക്കോട്: 75000 രൂപ വിലവരുന്ന കോഴിമുട്ടകളും ഗുഡ്സ് ഓട്ടോറിക്ഷയും കളവ് നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി പീറ്റർ സൈമൺ എന്ന സനു (42), മങ്ങോട്ട് വയൽ സ്വദേശി കെ വി അർജ്ജുൻ (32) എന്നിവരാണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയിൽ മൊത്ത ക്കച്ചവടത്തിനായി കൊണ്ടുവന്ന മുട്ടകളും വണ്ടിയുമാണ് മോഷണം പോയത്. 75,000 രൂപ വില വരുന്ന 15,000 മുട്ടകളാണ് കളവ് ചെയ്തത്. പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിൽ എത്തുകയായിരുന്നു. ഗുഡ്സ് ഓട്ടോയിൽ എത്തിയ ഡ്രൈവർ വാഹനം വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടു. ശേഷം കുറച്ച്‌ ദൂരം മാറി വിശ്രമിക്കുന്നതിനിടയിൽ മറ്റൊരു പാസഞ്ചർ ഓട്ടോറിക്ഷയിൽ പ്രതികൾ എത്തുകയായിരുന്നു. തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ആൾപാർപ്പില്ലാത്ത സ്ഥലത്തേക്ക് കൊണ്ട്പോയി. ഗുഡ്സ് വണ്ടിയിൽ നിന്നും മുട്ടകൾ പല സമയങ്ങളിലായി പ്രതികൾ അവർ വന്ന ഓട്ടോറിക്ഷയിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തിൽ തന്നെയുള്ള വലിയ സൂപ്പർ മാർക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് മുട്ടകൾ വിൽക്കുകയും ചെയ്തു.

മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായിട്ടാണ് കളവ് നടത്തിയിരിക്കുന്നത്. നിരവധി സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടേയും, സൈബർ സെല്ലിൻ്റേയും സഹായത്തോടെയാണ് പ്രതികളെ പൊലീസ് തന്ത്രപരമായി പിടികൂടിയത്.കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകൾ വിൽപന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും പൊലീസ് കണ്ടെത്തി. കേസിൽ പ്രതിയായ പീറ്റർ സൈമൺ മുമ്പും മോഷണ കേസിൽ പ്രതിയായ ആളാണ്.

സമാനമായ മറ്റ് കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികൾ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്ബി കിരൺ ശശിധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എംവി ശ്രീകാന്ത്, രാമകൃഷ്ണൻ കെ എ, എം കെസജീവൻ, ഹരീഷ് കുമാർ സി, ലെനീഷ് പിഎം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

STORY HIGHLIGHTS: Chicken Egg Thieves Arrested

Next Story