Top

'ദേശീയ സെക്രട്ടറി ആകുന്നതിനെതിരെ കരുനീക്കം നടത്തിയവര്‍ക്ക് മുമ്പില്‍ വീണ്ടും സെക്രട്ടറിയാകാനില്ല'; പ്രായപരിധി ശുദ്ധ അസംബന്ധമെന്ന് സി ദിവാകരന്‍

'ഏകാധിപതിയെ ആരും അംഗീകരിക്കാതിരുന്നാല്‍ പ്രശ്‌നം തീരുമല്ലോ. ഞാന്‍ ഒരു ഏകാധിപതിയെയും ഇതുവരെ അംഗീകരിച്ചിട്ടില്ല'

27 Sep 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ സെക്രട്ടറി ആകുന്നതിനെതിരെ കരുനീക്കം നടത്തിയവര്‍ക്ക് മുമ്പില്‍ വീണ്ടും സെക്രട്ടറിയാകാനില്ല; പ്രായപരിധി ശുദ്ധ അസംബന്ധമെന്ന് സി ദിവാകരന്‍
X

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ സിപിഐക്കുള്ളിലെ പോര് മറനീക്കി പുറത്ത്. സംസ്ഥാന സെക്രട്ടറി പദവിക്ക് പ്രായപരിധി നിര്‍ദേശം ശുദ്ധ അംസംബന്ധമാണെന്ന് സിപിഐ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. സെക്രട്ടറിയാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും മത്സരമുണ്ടായാല്‍ നിരവധി യോഗ്യര്‍ മത്സരത്തിനുണ്ടാകുമെന്നും സി ദിവാകരന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രായപരിധി നിര്‍ദേശം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. '75 വയസ് വരെ രാത്രിയും പകലും ആരോഗ്യവും കുടുംബവും ഉപേക്ഷിച്ച് റോഡു നീളെ നടന്ന് പാര്‍ട്ടി സംഘടിപ്പിച്ചവര്‍, അവസാനം പറയുന്നു അവര്‍ യോഗ്യരല്ലെന്ന്. പ്രായപരിധി നിശ്ചയിക്കാന്‍ ഇത് സര്‍ക്കാര്‍ സര്‍വീസാണോ? ശുദ്ധ അസംബന്ധമായ നിര്‍ദേശമാണ് ഇത്. പ്രായപരിധി അശാസ്ത്രീയമാണ്, അത് അംഗീകരിക്കില്ല', സി ദിവാകരന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താന്‍ മത്സരം ഉണ്ടാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. 'സ്ഥാനാര്‍ത്ഥി ആകാന്‍ താല്‍പ്പര്യമില്ല. ദേശീയ സെക്രട്ടറി ആക്കാന്‍ നേതൃത്വം തീരുമാനിച്ചപ്പോള്‍ അതിനെതിരെ കരുനീക്കം നടത്തിയ ആളുകളുടെ മുമ്പില്‍ വീണ്ടും സെക്രട്ടറിയാകാനൊന്നും ഞാനില്ല. മാത്രമല്ല എനിക്ക് ഗ്രൂപ്പും ഇല്ല. എനിക്ക് പ്രവര്‍ത്തിക്കാന്‍ ആരുടേയും അംഗീകാരം ആവശ്യമില്ല. മത്സരം ഒഴിവാക്കാന്‍ യാന്ത്രികമായി തീരുമാനമെടുക്കാന്‍ സാധിക്കില്ല. മത്സരമുണ്ടായാല്‍ നിരവധി യോഗ്യര്‍ മത്സരിക്കാനുണ്ടാകും. പാര്‍ട്ടിക്ക് ഗുണപ്രദമായ തീരുമാനത്തിന് ഒപ്പം നില്‍ക്കും. എന്റെ തീരുമാനവും അതായിരിക്കും.'

എവിടെയെങ്കിലും ഇരിക്കുന്നവരല്ല നേതൃത്വത്തെ തീരുമാനിക്കുന്നത്. ആരുടേയെങ്കിലും വ്യക്തിപരമായ ആഗ്രഹമാണോ പാര്‍ട്ടി എന്നും അദ്ദേഹം ചോദിച്ചു. 'ഒരു ടേം കൂടി ആകാം എന്ന് കാനം പറഞ്ഞതായി അറിയില്ല. അങ്ങനെ പറഞ്ഞാല്‍ തന്നെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ അഭിപ്രായമല്ല അത്. മാറ്റം അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. കാനം മാറുന്നതാണ് അനിവാര്യം എന്ന അഭിപ്രായമില്ല. അത് അദ്ദേഹവും പാര്‍ട്ടി സഖാക്കളും തീരുമാനിക്കട്ടെ.

കാനം രാജേന്ദ്രന്‍ ഏകാധിപതിയാണെന്ന് തോന്നുന്നില്ല. എന്നോട് അങ്ങനെയൊരു സമീപനം ഉണ്ടായിട്ടില്ല. എന്നാല്‍ പലരും പറയുന്നുണ്ട്. അങ്ങനെയാണെങ്കിലും ഏകാധിപതിയെ ആരും അംഗീകരിക്കാതിരുന്നാല്‍ പ്രശ്‌നം തീരുമല്ലോ. ഞാന്‍ ഒരു ഏകാധിപതിയെയും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഞാന്‍ തന്നെ ഒരു ഏകാധിപതിയാണെന്നാണ് ആളുകള്‍ പറയുന്നത്', സി ദിവാകരന്‍ പറഞ്ഞു.

അധികാരം കയ്യില്‍ കിട്ടുന്നവര്‍ അത് വിടില്ലെന്നുള്ളത് സിപിഐക്കുള്ളിലെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെയും ലോകത്തെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ വിടാതിരിക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും സി ദിവാകരന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വെളിയം ഭാര്‍ഗവനെ പോലെയും സി കെ ചന്ദ്രപ്പനെ പോലെയുമുള്ള നേതാക്കള്‍ ഇനിയുണ്ടാകില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. 'ഇനി ഒരിക്കലും വെളിയം ഭാര്‍ഗവനെ കിട്ടില്ല. അത് കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളും അംഗീകരിക്കുന്ന നേതൃത്വമായിരുന്നു. അതുപോലെയായിരുന്നു സി കെ ചന്ദ്രപ്പനും. അവരൊക്കെ ഇന്ന് ജീവിച്ചിരിക്കുന്ന പലരേക്കാളും വിസ്മയങ്ങളായിരുന്നു. അവരുടെ അഭാവം സിപിഐയെ വല്ലാതെ അലട്ടുന്നുണ്ടെന്നുള്ളത് വാസ്തുതയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: C Divakaran Says He Will Not Contest For State Secretary Election

Next Story