'കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരും പാദസേവകരും'; അനില്‍ കെ ആന്റണിയുടെ രാജി കത്തിന്റെ പൂര്‍ണരൂപം
ഈ കാലയളവില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയും അനില്‍ കെ ആന്റണി അറിയിച്ചു. കേരള നേതൃത്വത്തിന് നന്ദി അറിയിച്ചതിന് പുറമേ ശശി തരൂര്‍ എംപിയുടെ പേര് പ്രത്യേകം ഇവിടെ പരാമര്‍ശിക്കുന്നുണ്ട്.
25 Jan 2023 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി അനില്‍ കെ ആന്റണിയുടെ രാജികത്ത്. 'മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്ന് കത്തില്‍ അനില്‍ ആരോപിക്കുന്നു. എന്നാല്‍ ആരെ അഭിസംബോധന ചെയ്താണ് കത്ത് എന്നത് വ്യക്തമല്ല. പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജി വെച്ചുള്ള കത്തിലാണ് നേതൃത്വത്തിനെതിരേയും വിമര്‍ശനം ഉന്നയിക്കുന്നത്.
ഈ കാലയളവില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയും അനില്‍ കെ ആന്റണി അറിയിച്ചു. കേരള നേതൃത്വത്തിന് നന്ദി അറിയിച്ചതിന് പുറമേ ശശി തരൂര്‍ എംപിയുടെ പേര് പ്രത്യേകം ഇവിടെ പരാമര്‍ശിക്കുന്നുണ്ട്.
രാജികത്തിന്റെ പൂര്‍ണരൂപം-
കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളില്‍, ഞാന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിയുന്നതാണ് ഉചിതമെന്ന് വിശ്വസിക്കുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ, എഐസിസി സോഷ്യല്‍മീഡിയയുടേയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെല്ലിന്റേയും ദേശീയ കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികൡ നിന്നുമാണ് ഒഴിയുന്നത്.
ഈ ചെറിയ കാലയളവില്‍ എന്നെ പിന്തുണച്ച കേരള നേതൃത്വത്തിനും ഡോ. ശശി തരൂരിനും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവരോടുമുള്ള നന്ദി അറിയിക്കുന്നു. പല തരത്തില്‍ എനിക്ക് പാര്‍ട്ടിക്ക് വേണ്ടി വളരെ ഫലപ്രദമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുണ്ട്.
എന്നിരുന്നാലും, മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു. നിങ്ങള്‍ ഇത് മാത്രമാണ് യോഗ്യതയായി കണക്കാക്കുന്നത്. പൊതുവായ മറ്റ് കാര്യങ്ങളല്ല. ഈ തെറ്റായ പ്രവണയൊന്നും ബാധിക്കാതെ, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായവയുടെ ഭാഗമാവാതെ എന്റെ മറ്റ് പ്രൊഫഷണല്‍ കാര്യങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പലതും കാലക്രമേണ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ അവസാനാക്കുമെന്ന് വിശ്വസിക്കുന്നു.
ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള് രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
Story Highlights: anil k antony resignation letter
- TAGS:
- Anil K Antony
- CONGRESS
- BBC