Top

എകെ ആന്റണിയുടെ പിന്തുണ ഖാര്‍ഗേയ്ക്ക്; തരൂരിനൊപ്പമെന്ന് അനില്‍ കെ ആന്റണി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനപോരാട്ടം നടക്കുന്നത്.

30 Sep 2022 2:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എകെ ആന്റണിയുടെ പിന്തുണ ഖാര്‍ഗേയ്ക്ക്; തരൂരിനൊപ്പമെന്ന് അനില്‍ കെ ആന്റണി
X

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണയുമായി എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. തരൂരിനോളം പോന്ന നെഹ്‌റുവിയന്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം മാറ്റത്തിന്റെ സന്ദേശമാണെന്നും അനില്‍ കെ ആന്റണി പറഞ്ഞു. തരൂര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ബഹുസ്വരതയെയാണ്. തരൂര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനില്‍ ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.



മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനപോരാട്ടം നടക്കുന്നത്. മുതിര്‍ന്ന നേതാവ് എ കെ ആന്റണി അടക്കമുള്ളവര്‍ ഖാര്‍ഗെയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്ന പ്രഖ്യാപനം വന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ ഖാര്‍ഗെ പാര്‍ട്ടിയെ നയിക്കട്ടെ എന്ന് സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ദിഗ് വിജയ് സിംഗ് എന്നിവര്‍ പിന്താങ്ങി. കോണ്‍ഗ്രസിലെ വിമത ശബ്ദമായ ജി 23 നേതാക്കളും ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരന്നു. മനീഷ് തിവാരി, പൃഥ്വിരാജ് ചൗഹാന്‍ ഗാര്‍ഗയുടെ പത്രികയില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഖാര്‍ഗെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം എഐസിസി ആസ്ഥാനത്ത് പത്രിക സമര്‍പ്പിച്ചത്.

ഖാര്‍ഗെയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മുന്‍മന്ത്രി കെ.എന്‍ ത്രിപാഠിയും മത്സര രംഗത്തുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നേതാക്കളും ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. അടുത്തമാസം എട്ടിനാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. 17ന് തെരഞ്ഞെടുപ്പ്. 19 ഫലപ്രഖ്യാപനം.

Next Story

Popular Stories