
തൊഴിലിലെയും തൊഴിലിടത്തിലെയും ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാനും പരസ്പരം ആശ്വസിപ്പിക്കാനും പോംവഴികള്‍ തിരയാനും ഇന്ന് ജോലിക്കാര്‍ കൂടിച്ചേരുന്ന ഇടമാണ് റെഡ്ഡിറ്റ്. പേരുവെളിപ്പെടുത്താതെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം തേടാനും കമ്യൂണിറ്റികളും റെഡ്ഡിറ്റിലുണ്ട്.ബെംഗളരുവിലെ ഒരു കോര്‍പറേറ്റീവ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. നിത്യവും 16 മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും ഉറങ്ങുന്നത് പുലര്‍ച്ചെ രണ്ട് മണിക്കാണെന്നും യുവാവ് പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും അതിന്റെ ഫലമായി 24 കിലോ ഭാരം കൂടിയെന്നും യുവാവ് പറയുന്നുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യത്തെ പോലും തകര്‍ക്കുന്നതാണ് നിലവിലെ തൊഴിലിടങ്ങളെന്നും തൊഴില്‍ സംസ്കാരമെന്നും പറഞ്ഞുവയ്ക്കുകയാണ് യുവാവ്.
'നിങ്ങളില്‍ പലരേയും പോലെ ഞാനും ഇന്ത്യയിലെ കോര്‍പറേറ്റീവ് അടിമയാണ്. എന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇത്തരം വിഷമയമായ തൊഴില്‍ സംസ്കാരത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ ഏകദേശം മൂന്നുവര്‍ഷമായി. ദിവസവും 14-16 മണിക്കൂറുകളാണ് ഞാന്‍ ജോലി ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. 2022 ഓഗസ്റ്റില്‍ ജോലിയില്‍ നിയമിതനായ ശേഷം എനിക്ക് കൂടിയത് 24 കിലോ ഭാരമാണ്. എന്റെ ഉറക്കം നഷ്ടപ്പെട്ടു. മിക്ക ദിവസവും പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉറങ്ങുന്നത്. എന്നിട്ടും നിത്യവും ഒന്‍പതുമണിയാകുമ്പോള്‍ ഞാനെന്നും ഓഫീസിലെത്തുന്നുണ്ട്.'
തന്റെ അമ്മ എല്ലായ്പ്പോഴും തന്നെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നതിനെ കുറിച്ചും യുവാവ് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കിടയില്‍ വ്യക്തിജീവിതം നഷ്ടപ്പെടുന്നതിന്റെ വേദനയും യുവാവ് പങ്കുവയ്ക്കുന്നു.
'പിറകിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് പറയാന്‍ കഴിയും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞുവെന്ന്. പക്ഷേ നാണയത്തിന്റെ മറുവശം വേദന നിറഞ്ഞതാണ്. എനിക്ക് വ്യക്തിജീവിതം ഇല്ല. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ ഞാനെവിടെയും യാത്ര പോയിട്ടില്ല. ഇവിടെ ബെംഗളുരിവിലുളള നന്ദി ഹില്‍സില്‍ പോലും. എന്റെ ജീവിതത്തില്‍ സ്ഥിരതയുള്ള, പോസിറ്റീവായ ഒരു കാര്യം എന്റെ ഗേള്ഫ്രണ്ടായിരുന്നിട്ടുകൂടി അവളെ പോലും ഞാന്‍ അവഗണിച്ചു. '
ഒരു കോര്‍പറേറ്റീവ് ജീവനക്കാരന് എങ്ങനെയായിരിക്കണമെന്നതിന് മാതൃകയാകുന്നതിനുവേണ്ടി ജീവിതവും തൊഴിലും സന്തുലിതമായി കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പോലും ഉപേക്ഷിച്ചു. അവധികള്‍ ഒഴിവാക്കി, ആഴ്ചാവസാനങ്ങളില്‍ പോലും ജോലി ചെയ്തു, എന്തിനും മീതെ ജോലിക്ക് പ്രാധാന്യം നല്കി. ശമ്പളം വാങ്ങുന്നുണ്ടെങ്കിലും സന്തോഷമോ സംതൃപ്തിയോ ഇല്ല. പുതിയ അവസരങ്ങള്‍ തേടുന്നതിനോ ഒരു ബ്രേക്ക് എടുക്കുന്നതിനോ സാധിക്കുന്നില്ല. ഞാനിനി എന്താണ് ചെയ്യേണ്ടത്? ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണോ?,യുവാവ് ചോദിക്കുന്നു.
വളരെ വേഗത്തിലാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. പലരും യുവാവിനോട് ജോലിയില്‍ നിന്ന് ഇടവേളയെടുക്കാനാണ് നിര്‍ദേശിക്കുന്നത്. പഠിച്ച് ജോലി നേടി എന്തിനേക്കാളും പ്രാധാന്യം ജോലിക്ക് നല്‍കണമെന്ന ഇന്ത്യന്‍ ചിന്തയെയും പലരും വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ചിന്തയെ ചൂഷണം ചെയ്യുകയാണ് ഇന്ത്യയിലെ പല കോര്‍പറേറ്റീവ് കമ്പനികളെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇടവേളയെടുത്ത് മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ യുവാവിനെ നിര്‍ദേശിക്കുന്നവരുമുണ്ട്.
Content Highlights: Bengaluru Employee Working 16 Hours A Day Claims He Has Gained 24 kg