നിവിന്‍ പോളി എത്തിയത് ഗുണ്ടയായി, മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി പീഡിപ്പിച്ചു: പരാതിക്കാരി

'വണ്ടി ഇടിപ്പിച്ചുകൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തി'
നിവിന്‍ പോളി എത്തിയത് ഗുണ്ടയായി, മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി പീഡിപ്പിച്ചു: പരാതിക്കാരി
Updated on

കൊച്ചി: നിവിന്‍ പോളി അടക്കമുള്ളവര്‍ക്കെതിരായ പീഡന ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2023 നവംബര്‍-ഡിസംബര്‍ മാസത്തിലാണ് സംഭവം നടക്കുന്നതെന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'ഞാന്‍ ദുബായില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവരുടെ സുഹൃത്തായ ശ്രേയ എന്ന പെണ്‍കുട്ടി മുഖാന്തരം എനിക്ക് യൂറോപ്പിലേക്ക് പോകാന്‍ ഏജന്‍സി വഴി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ ചോദിച്ചപ്പോള്‍ പ്രൊഡ്യൂസറായ എ കെ സുനില്‍ എന്നയാളെ പരിചയപ്പെടുത്തി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയില്‍ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതര്‍ക്കം ഉണ്ടായ സമയത്ത് നിവിന്‍ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. എന്നെ റൂമില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം തന്ന് പീഡിപ്പിച്ചു', പരാതിക്കാരി ആരോപിച്ചു.

നിവിന്‍ പോളിയും അവിടെയുണ്ടായിരുന്നു. ബിനു, കുട്ടന്‍ എന്നിവര്‍ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തനിക്ക് കണ്ടാല്‍ അറിയാം. അന്ന് ആദ്യമായാണ് കണ്ടതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തില്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നുവെന്നും എന്നാല്‍ ദുബായില്‍ നടന്ന സംഭവമായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടിയെന്നും പരാതിക്കാരി പറഞ്ഞു. ഇപ്പോള്‍ ഹേമ കമ്മിറ്റിയൊക്കെ വന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരാതി നല്‍കിയത്.

തന്റെ വീഡിയോ ഡാര്‍ക്ക് വെബില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി. സോഷ്യല്‍മീഡിയ വഴി ആക്രമിച്ചു. വണ്ടി ഇടിപ്പിച്ചുകൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. സഹിക്കാന്‍ വയ്യാതെയാണ് പരാതികൊടുത്തത്. തനിക്ക് ശത്രുക്കളില്ല. ഇവരൊക്കെയാവാം സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും പരാതിക്കാരി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com