മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് മഴ തുടരുന്നു. പുന്നപ്പുഴ കുത്തിയൊഴുകുകയാണ്. ഒഴുക്കിന്റെ ശക്തിയിൽ, ദുരന്തത്തിന് ശേഷം പുഴയ്ക്ക് കുറുകെ താത്കാലികമായി നിർമ്മിച്ച ഇരുമ്പ് പാലം തകർന്നു. ബെയ്ലി പാലത്തിന് സമാന്തരമായുള്ള പാലമാണ് തകർന്നത്. മഴ ശക്തമായതോടെ ബെയ്ലി പാലം അടച്ചിരിക്കുകയാണ്. മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും ഉച്ചവരെ വെയിലായിരുന്നു. വൈകിട്ടോടെയാണ് മഴ ശക്തമായത്.
ശക്തമായ ഒഴുക്കിനിടെ പശു പുന്നപ്പുഴയിലൂടെ ഒഴുകിപ്പോയി. അഗ്നിരക്ഷാപ്രവർത്തകരടക്കമുള്ളവർ മുക്കാൽ മണിക്കൂറോളം സമയമെടുത്താണ് പശുവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഒഴുക്കിനിടെ പശുവിന്റെ കാൽ തകർന്ന പാലത്തിൽ കുടുങ്ങുകയായിരുന്നു. പശുവിന് പ്രാഥമിക ശുശ്രൂഷ നൽകി.
ഇതിനിടെ ചാലിയാറിലും ശക്തമായ ഒഴുക്കാണ്. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ പുഴകടക്കാൻ കഴിയാതെ ഉദ്യോഗസ്ഥരും സന്നദ്ധസംഘടന പ്രവർത്തകരും കുടുങ്ങി. ഒരു മൃതദേഹം ഉൾപ്പെടെയാണ് മുണ്ടേരിയിലേക്ക് എത്തിക്കാനുള്ളത്. കുടുങ്ങിയവരെ അഞ്ച് കിലോമീറ്റർ ചുറ്റി മുക്കം മച്ചിക്കൈ ഭാഗത്തു കൂടെ പുഴ കടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിനിടെ മുണ്ടക്കൈ ഉരുള്പൊട്ടലില് ജീവനോപാദികള് നഷ്ടപ്പെട്ടവര്ക്ക് താല്ക്കാലിക പുനരധിവാസം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി വീട് വാടകക്കെടുക്കുന്നവര്ക്ക് വാടക അനുവദിച്ച് ഉത്തരവിറങ്ങി. ഉത്തരവിന്റെ പകര്പ്പ് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വീതമാണ് നല്കുക. ബന്ധുവീടുകളിലേക്ക് മാറിയാലും വാടക കിട്ടും. സര്ക്കാര് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്ക്ക് വാടക നല്കില്ല. സ്വകാര്യ വ്യക്തികള് സൗജന്യമായി നല്കുന്നവര്ക്കും വാടകയില്ല. മുഴുവന് സ്പോണ്സര്ഷിപ്പ് കിട്ടുന്നവര്ക്കും വാടക ലഭിക്കില്ല. ഭാഗിക സ്പോണ്സര്ഷിപ്പ് കിട്ടിയവര്ക്ക് 6000 രൂപ സഭിക്കും. വാടക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നാണ് അനുവദിക്കുക.
മുണ്ടക്കൈ, ചൂരല്മല, അട്ടമല മേഖലകളില് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്ന്ന ശാസ്ത്രജ്ഞന് ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന ആരംഭിച്ചു. ഇനിയുള്ള മൂന്ന് ദിവസം ദുരന്ത പ്രദേശത്ത് തുടരുമെന്നും സാമ്പിളുകൾ ശേഖരിച്ച് ദുരന്തം നടന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും ജോണ് മത്തായി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 22 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് സർക്കാർ നിർദ്ദേശം. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച ശേഷം വേണ്ടി വന്നാൽ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. പുനരധിവാസത്തിന് സർക്കാർ കണ്ടുവെച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും.