
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ തലനാഴികയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ പലരും ഉണ്ട് വയനാട്ടിലെ പല ക്യാമ്പുകളിലായി. ദുരിത വേദനകൾക്ക് ഇടയിലും ഇത്തരം അതിജീവനത്തിൻ്റെ വാർത്തകൾ ഏറെ ആശ്വാസകരമാണ്. മണ്ണിനടിയിൽ പെട്ട രണ്ട് കുട്ടികളെയും 73 വയസ്സുള്ള ഉമ്മയെയും രക്ഷിച്ച സുബൈദയും കുടുംബവുമാണ് അത്തരത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ദുരന്തത്തിനിടയിലും ഏറെ പ്രതീക്ഷ നൽകിയത് സുബൈദയുടെയും കുടുംബത്തിൻ്റെ രക്ഷപ്പെടലാണ്.
എന്താണ് അന്ന് രാത്രി സംഭവിച്ചതെന്ന് ഓർമ്മിച്ചെടുക്കുകയാണ് സുബൈദ. 'അന്ന് രാത്രി രണ്ട് മണിയോടെയാണ് വീട്ടിൽ വെള്ളം കയറിയത്. വെള്ളം കയറുന്നത് കണ്ട് വീട്ടിലുള്ള കുട്ടികളും പ്രായമായവരും അടക്കം അടുത്തുള്ള മദ്രസയിലേക്ക് ഓടി രക്ഷപ്പെട്ടു. പരിസരത്തുള്ളവരെയും രക്ഷിച്ചാണ് എല്ലാവരും മദ്രസയിലേക്ക് ഓടി രക്ഷപ്പെട്ടത്. രക്ഷപെട്ടെത്തിയവരെല്ലാം മദ്രസയുടെ വരാന്തയിൽ വന്നിരുന്നതും സുബൈദ ഓർത്തെടുത്തു.
'എന്നാൽ അവിടെ ഇരിക്കുമ്പോൾ ഏകദേശം 2.05ഓടെ വീണ്ടും ഉരുൾപൊട്ടി. അതോടെ അവിടെ സുരക്ഷിതരല്ല എന്ന് മനസ്സിലായി. മദ്രസ കുലുങ്ങാനും തുടങ്ങി. ഉടൻ തന്നെ അവിടെ നിന്ന് എല്ലാവരുമായി മുകളിലേക്ക് ഓടി മാറി. എന്നാൽ അരമണിക്കൂറിന് ശേഷം വീണ്ടും ഉരുൾപൊട്ടി. ഇതോടെ വീണ്ടും പരിഭ്രാന്തരായി. വീണ്ടും നിരപ്പായി കിടക്കുന്നടുത്തേക്ക് എല്ലാവരും കൂടെ എത്തി വെളുക്കും വരെ മഴകൊണ്ട് അവിടെ ഇരുന്നു' സുബൈദ ഓർമ്മിച്ചു.
സ്വന്തം നാടിനെ ഇത്രയും ദുഃഖത്തിലാഴ്ത്തിയ ഒരു ദുരന്തം ഇനി വരാനില്ല. അത്രമാത്രം മാനസികമായി പ്രയാസപ്പെട്ടിരിക്കുന്ന ഒരു സമയമാണിതെന്നും സുബൈദ പറഞ്ഞു. തങ്ങളുടെ നാട്ടിലുള്ള നിരവധി ആളുകളുടെ മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ടെന്നും സുബൈദ പറഞ്ഞു.