
കൊച്ചി: വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള് തുടരുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്ത്ഥിച്ച് നടൻ ആൻ്റണി വർഗീസ്. സോഷ്യല് മീഡിയയിൽ താരം 'സ്റ്റാൻ്റ് വിത്ത് വയനാട്' എന്ന പോസ്റ്റർ ഷെയർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം സംവിധായകനും നടനുമായി ബേസിൽ ജോസഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു.'സമാനതകള് ഇല്ലാത്ത ദുരന്തമാണ് വയനാട്ടില് സംഭവിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിനായി നമ്മളാല് കഴിയുന്നതെല്ലാം ചെയ്യാന് ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക', സോഷ്യല് മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബേസില് പറഞ്ഞത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നു.
വയനാട്ടിലെ ദുരിതബാധിതര്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള് ലോകത്തിന്റെ വിവിധഭാഗങ്ങളില് നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ് ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന് എന്നിവര് അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോര്ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നാല് കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. ദുബായിലെ മലയാളി സംഘടനയായ 'ഓർമ' 10 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപ നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഒഐസിസി കുവൈറ്റ് നാഷനൽ കമ്മിറ്റി അഞ്ചു ലക്ഷം നൽകും. ആദ്യ ഗഡുവായാണ് ഇത്രയും തുക നൽകുന്നതെന്ന് ആവശ്യങ്ങൾ കണക്കിലെടുത്ത് മറ്റു സഹായം ലഭ്യമാക്കുമെന്നും ഒഐസിസി അറിയിച്ചു. കുന്നംകുളം നഗരസഭ രണ്ട് ലക്ഷം നൽകും. കൗൺസിലർമാരും നഗരസഭാ ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നോർക്ക ഡയറക്ടർ ജെ കെ മേനോന് ഒരു കോടി രൂപ സഹായം അറിയിച്ചു. ഐഎംസിസി കുവൈറ്റ് കമ്മിറ്റി ആദ്യ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകും.