എന്റെ പകുതിയായിരുന്നു അവൻ, ഒന്നിച്ചു വളര്ന്നവരാണ്, ഒരുപാടുപേരെ രക്ഷിച്ചിട്ടാണവന് പോയത്: രാജേഷ്

നാട്ടില് എന്ത് പ്രശ്നം വന്നാലും അവിടെ പ്രജീഷ് ഉണ്ടാവുമായിരുന്നുവെന്ന് രാജേഷ് പറയുന്നു

dot image

കൽപ്പറ്റ: 'എന്റെ ഒരു പകുതിയായിരുന്നു അവൻ, ഒരുപാടുപേരെ രക്ഷിച്ചിട്ടാണവന് പോയത്....'

ഇത് പറയുമ്പോള് രാജേഷിന്റെ കണ്ണു നിറഞ്ഞിരുന്നു. ഉരുള്പൊട്ടലില് രാജേഷിന് നഷ്ടമായത് ഒന്നിച്ച് കളിച്ചുവളര്ന്ന ഉറ്റ സുഹൃത്ത് പ്രജീഷിനെയാണ്. ഒരു പ്രദേശത്തുള്ള മുഴുവൻ ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയ ശേഷമാണ് പ്രജീഷ് കാണാമറയത്തേക്ക് പോയത്. ഈ നാട്ടില് എന്ത് പ്രശ്നം വന്നാലും അവിടെ പ്രജീഷ് ഉണ്ടാവുമായിരുന്നുവെന്ന് രാജേഷ് പറയുന്നു. അത്രയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നു. ഒരുപാടുപേരെ രക്ഷിച്ചിട്ടാണവന് പോയത്, അതില് സമാധാനിക്കാമെന്നും രാജേഷ് റിപ്പോര്ട്ടറിനോട് പറഞ്ഞു.

രാജേഷിന്റെ വാക്കുകള്

ഒരുപാടുപേരെ നഷ്ടമായി. റെസ്ക്യൂ ചെയ്യുന്നതിനിടെയാണ് ഉറ്റ സുഹൃത്ത് പ്രജീഷ് പോയത്. എന്റെ ഒരു പകുതിയായിരുന്നു അവൻ. ഒരു ഏരിയയിലുള്ള മുഴുവൻ ആളുകളെയും അവനും കൂടെയുണ്ടായിരുന്നവരും രക്ഷിച്ചിരുന്നു. അവൻ സേഫ് ആണോന്നറിയാൻ ഞാൻ വിളിച്ചിരുന്നു. ആളുകളെയൊക്കെ മാറ്റുന്നുണ്ട്, വെള്ളം കൂടുന്നുണ്ട് എന്ന് പറഞ്ഞു. എന്നോടും ചോദിച്ചു നീ സേഫ് ആണോന്ന്. പിള്ളാരെയൊക്കെ മാറ്റണം എന്നൊക്കെ പറഞ്ഞിരുന്നു. ആദ്യ പൊട്ടുപൊട്ടുമ്പോ പാലത്തിനപ്പുറം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവനു വേണ്ടപ്പെട്ട ചിലര് സ്കൂള് റോഡിന് സമീപം ഉണ്ടായിരുന്നു. അപ്പോഴാണ് രണ്ടാമത്തെ പൊട്ടുണ്ടായത്. അതിലവനെ നഷ്ടമായി.

ഏകദേശമൊരു രണ്ടേകാൽ വരെ അവനെ കണ്ടവരുണ്ട്. അതുവരെ ഞാനുമായി കോണ്ടാക്ടിലുമുണ്ട്. തന്റെ കണ്മുന്നിൽ നിന്നാണ് അവന് പോയതെന്ന് സജിത്ത് എന്ന സുഹൃത്ത് പറഞ്ഞു. അവനൊപ്പം മണികുമാർ എന്ന ഒരു പയ്യനുമുണ്ടായിരുന്നു. അവനും പോയി. ഞങ്ങള് ചായകുടിച്ച് പിരിഞ്ഞവരാണ്. ഈ നാട്ടില് എന്ത് പ്രശ്നം വന്നാലും അവിടെ പ്രജീഷ് ഉണ്ടാവുമായിരുന്നു. അത്രയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നു. ഞങ്ങള് ചെറുപ്പം മുതലേ ഒന്നിച്ചു വളര്ന്നവരാണ്. എല്ലാക്കാര്യങ്ങള്ക്കും ഉണ്ടുറങ്ങി വളര്ന്നവരാണ്. ഒരുപാട്പേരെ രക്ഷിച്ചിട്ടാണവന് പോയത്. അതില് സമാധാനിക്കാം. രണ്ടാമത്തെ പൊട്ടായിരുന്നു ഏറ്റവും വലുതും ഭീകരവും. മരവിച്ചുപോയി. ഞങ്ങളോടുകയായിരുന്നു. മുണ്ടക്കൈയിലേക്ക് കടക്കാനൊന്നും പറ്റുമായിരുന്നില്ല. മുഴുവനും ഇരുട്ടായിരുന്നു. വെള്ളം വരുന്നതുകണ്ടു. കുത്തിയൊലിച്ചാണെത്തിയത്. ആദ്യ പൊട്ടലില് ഞാന് വീട്ടിലായിരുന്നു. എണീറ്റ ഉടനെ എല്പി സ്കൂളിലേക്ക് പോയി. അവിടെ കണ്ണൊക്കെ പോയ ഒരു ചേച്ചിയുണ്ടായിരുന്നു.

dot image
To advertise here,contact us
dot image