മേപ്പാടി ശ്മശാനത്തില് എരിഞ്ഞടങ്ങിയത് നിരവധി സ്വപ്നങ്ങള്; ഹൃദയഭേദകം ഈ കാഴ്ച

ഒറ്റ രാത്രിയിൽ മേപ്പാടിയിലെ മുത്തുമാരിമ്മൻ ക്ഷേത്രത്തിൽ മാത്രം സംസ്കരിച്ചത് അമ്പതിലധികം മൃതദേഹങ്ങൾ

dot image

കൽപ്പറ്റ: ഒറ്റ രാത്രിയിൽ മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ മാത്രം സംസ്കരിച്ചത് അമ്പതിലധികം മൃതദേഹങ്ങൾ. ഒരു ഭാഗത്ത് ശവസംസ്കാര ചടങ്ങുകൾ നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറു ഭാഗത്ത് കൂടുതൽ മൃതദേഹങ്ങളെത്തി കൊണ്ടിരിക്കുന്നു. ശവ സംസ്കാരത്തിനെത്തിച്ച മൃതദേഹങ്ങളിൽ അഞ്ചു വയസ്സുകാരന്റെ മുതൽ എഴുപത് വയസ്സിന് മുകളിലുള്ളവരുടെ വരെ മൃതദേഹങ്ങളുണ്ടെന്ന് ശവസംസ്കാരം നടത്തുന്ന സംഘത്തിലുള്ള മലപ്പുറത്തുകാരൻ വിജയൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ദഹിപ്പിക്കുമ്പോൾ കണ്ട് നിൽക്കാൻ ഉറ്റവർ പോലുമില്ലാതെയാണ് സംസ്കാരം നടത്തുന്നത്. ഒരു വീട്ടിലെ മുഴുവൻ ആളുകളെയും ഒരുമിച്ച് സംസ്കരിക്കുന്ന സാഹചര്യവുമുണ്ട്. പന്ത്രണ്ടോളം ചിതകളാണ് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ഒരുമിച്ച് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഇവിടെ ശവസംസ്കാരം നടത്തുന്നത്. നിലവിൽ 270 പേർക്കാണ് ഇതിനകം ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഇരുന്നൂറോളം മനുഷ്യർ ഇനിയും മണ്ണിനടിയിലുണ്ടെന്ന സൂചനകൾ പുറത്ത് വരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് മേപ്പാടി ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
dot image
To advertise here,contact us
dot image