
പിറവം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം സംബന്ധിച്ചാണ് നടപടി. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ജൂലൈ 30 ന് മുൻപായി ഹാജരാകാന്‍ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ജില്‍സ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ജില്‍സ് പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാണ് പരാതി പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ. തോമസ് ചാഴികാടനു പകരം യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണച്ചതായും പരാതിയിൽ പറയുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസമാണ് പിറവം ടൗണില്‍ പിടിയും പോത്തിറച്ചിയും വിതരണം ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും നയമല്ലെന്നും പരാതിയില്‍ പറയുന്നു. കൂറുമാറിയ സ്ഥാനാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നും ടോമി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.