കേരളത്തിലെ കേര കർഷകരെ അവഗണിച്ച് കേരഫെഡ്; അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊപ്ര സംഭരിക്കാൻ നീക്കം

മുംബൈ ആസ്ഥാനമായ സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് കൊപ്ര സംഭരിക്കുന്നത്.

dot image

തിരുവനന്തപുരം: കേരളത്തിലെ കേര കർഷകരെ അവഗണിച്ച് കേരഫെഡ്. അയല്‍ സംസ്ഥാനങ്ങളിലെ കൊപ്ര ലോബികള്‍ക്ക് വാതില്‍ തുറക്കുകയാണ് കേരഫെഡ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ കൊപ്ര സംഭരണത്തിന് തുടക്കമിട്ടാണ് കേരഫെഡ്ഡിന്റെ സഹായം. മുംബൈ ആസ്ഥാനമായ സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് കൊപ്ര സംഭരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് കൊപ്ര സംഭരിക്കുമെന്ന കേരഫെഡ്ഡിന്റെ പ്രഖ്യാപിത ലക്ഷ്യം മറികടന്നാണ് തീരുമാനം.

ഓണ്‍ലൈനിലൂടെ സംഭരണത്തിന് തുടക്കമിട്ടതോടെയാണ് അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കൊപ്ര ഒഴുകി തുടങ്ങിയത്. സംസ്ഥാനത്ത് കൊപ്രയും തേങ്ങയും കെട്ടികിടക്കുമ്പോഴാണ് കേരഫെഡ്ഡിന്റെ ഈ തീരുമാനം. ഇത് സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്. പ്രാദേശിക വിപണിയേക്കാള്‍ കൂടിയ വിലയ്ക്കാണ് ഓണ്‍ലൈനിലൂടെ കൊപ്ര സംഭരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും കൊപ്ര എത്തുന്നത്. ഇങ്ങനെയെത്തുന്ന കൊപ്രകള്‍ക്ക് ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്.

മുംബൈ ആസ്ഥാനമായ എന്‍ഇഎംഎല്‍ എന്ന ഓണ്‍ലൈന്‍ കമ്പനി വഴിയാണ് ഇടപാടുകള്‍. ഈ കമ്പനിയെ മാത്രമാണ് കൊപ്ര സംഭരണത്തിന് കേരഫെഡ് എംപാനല്‍ ചെയ്തിരിക്കുന്നത്. അയല്‍ സംസ്ഥാനത്തെ കൊപ്ര ലോബികളെ സഹായിക്കാനാണ് സംഭരണം, ഓണ്‍ലൈനിലേക്ക് മാറ്റിയതെന്നാണ് ആരോപണം. അതേസമയം സംസ്ഥാനത്ത് കൊപ്ര ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഓൺലൈൻ വഴി സംഭരണം തുടങ്ങാൻ തീരുമാനിച്ചതെന്നാണ് കേരഫെഡിൻ്റെ വാദം. സംസ്ഥാനത്തെ നാളികേര കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് കേരഫെഡ് എന്ന സ്ഥാപനം സര്‍ക്കാര്‍ ആരംഭിച്ചത്. പക്ഷേ കേരഫെഡിന്റെ തീരുമാനങ്ങള്‍ നാളികേര കര്‍ഷകര്‍ക്ക് എതിരാണ്. പുതിയ പരിഷ്‌കാരവും കേര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയില്ലാക്കിയേക്കും.

dot image
To advertise here,contact us
dot image