വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം; ആവശ്യവുമായി കോണ്‍ഗ്രസ്

പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം; ആവശ്യവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ കടല്‍ കൊള്ള എന്ന് വിശേഷിപ്പിച്ച ആളാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണ്. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാറാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അതിനാലാണ് തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ആദ്യ മദര്‍ഷിപ്പായ ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ തീരം തൊട്ടതോടെ വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായി. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

നാളെയാണ് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. ചൈനയിലെ സിയമിന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറം കടലിലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്‌നറുകള്‍ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളുമായാണ് മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ തുറമുഖത്ത് എത്തുന്നത്. ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം; ആവശ്യവുമായി കോണ്‍ഗ്രസ്
വിഴിഞ്ഞത്ത് മദർഷിപ്പിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം!; എന്താണ് വാട്ടർ സല്യൂട്ട്?

നാളെയോടെ തന്നെ കണ്ടെയ്‌നറുകള്‍ കയറ്റാനുള്ള ഫീഡര്‍ വെസലുകളും എത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങില്‍ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയല്‍റണ്‍ തുടരും. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com