'ബണ്ടി ചോർ' ആലപ്പുഴയിലോ? സിസിടിവിയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം

'ബണ്ടി ചോർ' ആലപ്പുഴയിലോ? സിസിടിവിയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
dot image

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്.

എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിർദ്ദേശം. തിങ്കളാഴ്ചയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാൾ പതിഞ്ഞിരിക്കുന്നത്. ബാറിലെത്തി ബിയർ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാൾ ഇപ്പോൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വലിയ വീടുകളിലും അതീവ സുരക്ഷാ മുൻകരുതലുകളുള്ള സ്ഥാപനങ്ങളിലും കയറി ആഢംബര വസ്തുക്കൾ മോഷ്ടിക്കുന്ന ബണ്ടി ചോർ 2013 ൽ കേരള പൊലീസിന്റെ പിടിയിലായിരുന്നു. 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023 ലാണ് ഇയാൾ പുറത്തിറങ്ങിയത്. ദേവീന്ദര് സിംങ് എന്നാണ് ബണ്ടി ചോറിന്റെ യഥാർത്ഥ പേര്. 44 കാരനായ ഇയാളെ രാജ്യാന്തര മോഷ്ടാവായാണ് കണക്കാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്ത് ബണ്ടി ചോർ നടത്തിയ കൊള്ള പൊലീസിനെ കുഴക്കിയിരുന്നു. തിരുവനന്തപുരത്ത് സുരക്ഷാ സംവിധാനങ്ങളുള്ള വീടിനുള്ളിൽ കയറി ആഢംബര കാർ, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയാണ് അന്ന് ബണ്ടി ചോർ കവർന്നത്. ഇയാളെ പൂനെയിൽ വച്ചാണ് കേരള പൊലീസ് പിടികൂടുന്നത്. രവിപുരത്ത് നടന്ന കാർ മോഷണത്തിലും ഇയാളുടെ പങ്ക് വ്യക്തമായി. തുടർന്ന് 10 വർഷം തടവിന് ശിക്ഷിച്ചു. 2023 ൽ പുറത്തിറങ്ങിയ ശേഷവും ഇയാൾ മോഷണങ്ങൾ പതിവാക്കി. ഡൽഹി പൊലീസ് ലക്നൗവിൽ വച്ച് ഇയാളെ പിടികൂടിയിരുന്നു.

500 ലേറെ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഡൽഹിയിൽ മാത്രം 250 ലേറെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈടെക് കള്ളൻ എന്നറിയപ്പെടുന്ന ബണ്ടി ചോറിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരെ ഇറങ്ങിയിട്ടുണ്ട്. ‘ഓയേ ലക്കി ലക്കി ഓയേ’ എന്ന ഹിന്ദി ചിത്രമാണ് ബണ്ടി ചോറിന്റെ ജീവിതം പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us