സംസ്ഥാന എക്സിക്യൂട്ടീവ് അഴിച്ചു പണിയണം, ഇപി ജയരാജനെ മാറ്റണം; ആവശ്യങ്ങളുമായി സിപിഐ

മന്ത്രിമാരെ സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്
സംസ്ഥാന എക്സിക്യൂട്ടീവ് അഴിച്ചു പണിയണം, ഇപി ജയരാജനെ മാറ്റണം; ആവശ്യങ്ങളുമായി സിപിഐ

തിരുവനന്തപുരം: സംസ്ഥാന എക്സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്ന് സിപിഐയിൽ ആവശ്യം. സംസ്ഥാന കൗൺസിലിലാണ് ആവശ്യം ഉയർന്നത്. സംസ്ഥാന സെൻ്ററും പുന:സംഘടിപ്പിക്കണമെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. അക്കോമഡേഷൻ കമ്മിറ്റിയായി എക്സിക്യൂട്ടീവ് മാറിയെന്നാണ് ഉയരുന്ന വിമർശനം. മന്ത്രിമാരെ സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. തിരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു.

മന്ത്രിമാരെ സംഘടനാ ചുമതലയിൽനിന്നും ഒഴിവാക്കണം. ഇപി ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നും മാറ്റണം. നേതാക്കളായ ആർ ലതാദേവി, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ തുടങ്ങിവച്ച വിഷയം പിന്നീട് സംസ്ഥാന കൗൺസിൽ പൊതുവികാരമായി ഏറ്റെടുത്തു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നാണ് ആളുകൾ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, ഇപി ജയരാജനെയും പേറി ഈ മുന്നണി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ഭൂഷണമല്ലെന്നും അഭിപ്രായമുയർന്നു.

സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചരണവും പിണറായിയെ കേന്ദ്രീകരിച്ചായിരുന്നു. അതും ദോഷകരമായി. നവ കേരള സദസ്സ് വന്‍ പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രാഷ്ട്രീയ ജാഥ ആയിരുന്നു നടത്തേണ്ടിയിരുന്നത്. അതുണ്ടാകാത്തത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചുവെന്നും കൗണ്‍സിലില്‍ അഭിപ്രായമുണ്ടായി. തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് കൗണ്‍സിലിലും ആവശ്യമുയര്‍ന്നു. ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് തൃശൂരില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും പിന്തുണച്ചു. മേയറുമായി ഇനിയും മുന്നോട്ടുപോകാന്‍ ആവില്ലെന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com