കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി ജാമ്യം

ഇന്നലെ മൂന്ന് പ്രതികൾക്ക് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു
കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്  കൂടി ജാമ്യം

പാനൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പേർക്ക് കൂടി ജാമ്യം. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചത്. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമൽ ബാബു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ മൂന്ന് പ്രതികൾക്ക് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ ആദ്യ അഞ്ചു പ്രതികളിൽ പെട്ട സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരുന്നത്. അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ഇന്നലെ ജാമ്യം നല്‍കിയത്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇവർക്കും തന്നെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഐഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഐഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ മൂന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഐഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.

ബോംബ് സ്ഫോടനക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ പല സമയത്തും മലക്കം മറിഞ്ഞിരുന്നു. ആദ്യത്തെ മൂന്ന് റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണ് ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള മൂന്ന് റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം മാറ്റി പറഞ്ഞു. പ്രാദേശികമായി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് ബോംബ് നിർമ്മാണത്തിലേക്കും പൊട്ടിത്തെറിയിലേക്കും നയിച്ചത് എന്ന റിപ്പോർട്ടിലേക്ക് പൊലീസ് പിന്നീട് എത്തിയത്.

പാനൂർ സ്റ്റേഷൻ പരിധിയിലെ കുയിമ്പിൽ ക്ഷേത്ര പരിസരത്തുണ്ടായ സംഘർഷമാണ് ബോംബ് നിർമിക്കാനുള്ള കാരണമെന്ന് പൊലീസ് ഇപ്പോൾ പറയുന്നത്. രാഷ്ട്രീയ എതിർപ്പും തിരഞ്ഞെടുപ്പ് സാഹചര്യവുമാണ് ബോംബ് നിർമാണത്തിന് കാരണമെന്ന പഴയ റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നു.

കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്  കൂടി ജാമ്യം
പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ല, എതിരാളികൾ കുപ്രചരണം നടത്തുന്നു: പരിക്കേറ്റ വിനീഷിന്റെ അച്ഛൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com