വിഴിഞ്ഞം തുറമുഖം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; നബാർഡിൽ നിന്ന് വായ്പയെടുക്കും

വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു
വിഴിഞ്ഞം തുറമുഖം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; നബാർഡിൽ നിന്ന് വായ്പയെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാൻ തുറമുഖ വകുപ്പിൽ ധാരണയായി. അദാനി ഗ്രൂപ്പിന് നൽകേണ്ട പദ്ധതി വിഹിതത്തിനും അനുബന്ധ ചെലവുകൾക്കുമായി 3000 കോടി രൂപയാണ് ആകെ വേണ്ടത്. പുലിമുട്ട് നിർമാണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയതിന് അദാനി ഗ്രൂപ്പിന് സർക്കാർ നൽകാനുള്ളത് 520 കോടി രൂപയാണ്. ഗ്യാപ് വയബിലിറ്റി ഫണ്ടിലെ സംസ്ഥാനവിഹിതം അദാനിക്ക് 490 കോടി രൂപ, റെയിൽ, ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിന് 360 കോടി രൂപ, കെഎഫ്സിയിൽനിന്ന് എടുത്ത ഇടക്കാല വായ്പ തിരിച്ചടവ് 425 കോടിരൂപ, വിഴിഞ്ഞം- ബാലരാമപുരം ഭൂഗർഭ റെയിൽപ്പാത നിർമാണം 1200 കോടി രൂപ ഇങ്ങനെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി വേണ്ടത് 2995 കോടി രൂപയാണ്.

ഇതിലെ അടിയന്തര ചെലവുകളിലേക്കാണ് 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന സർക്കാർ കമ്പനിയായ വിസിലിന്റെ പേരിലാണ് വായ്പയെടുക്കുന്നത്. വായ്പാ തിരിച്ചടവ് ബജറ്റിൽ വകയിരുത്തണമെന്ന് നിർദ്ദേശം അംഗീകരിച്ചപ്പോളാണ് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറായത്. ഈ മാസം തന്നെ നബാർഡുമായുള്ള വായ്പ കരാറിൽ വിസിൽ ഒപ്പിടും. വേണ്ടിവരുന്ന ബാക്കി തുക പിന്നീട് കടമെടുക്കാനാണ് തീരുമാനം.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12-ന് നടക്കും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാവും ആദ്യം വിഴിഞ്ഞത്തെത്തുക. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയ്നർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും. ബാർജുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം.

ട്രയൽ വിജയകരമായാൽ ഓണത്തിന് തുറമുഖം കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മലയാളികള്‍ക്ക് ഓണസമ്മാനമായി തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് അദാനി ​ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. 

Related Stories

No stories found.
logo
Reporter Live
www.reporterlive.com