രണ്ടാം പിണറായി സർക്കാർ മുഖം മിനുക്കും, പ്ലാനുകൾ റെഡി, ഇനി പഴയതുപോലെ വേണ്ടെന്ന് തീരുമാനം

വൻകിട പദ്ധതികളുടെ പിന്നാലെ പോകുന്നതിന് പകരം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകും
രണ്ടാം പിണറായി സർക്കാർ മുഖം മിനുക്കും, പ്ലാനുകൾ റെഡി, ഇനി പഴയതുപോലെ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ സർക്കാർ. എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നാനുമാണ് ആലോചന.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആശയങ്ങൾ തേടി മുൻ ചീഫ് സെക്രട്ടറിമാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. വൻകിട പദ്ധതികളുടെ പിന്നാലെ പോകുന്നതിന് പകരം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകും. ക്ഷേമ പെൻഷൻ വിതരണം, മാവേലി സ്റ്റോറുകളിൽ സാധനങ്ങളെത്തിക്കുക, ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കുക, കർഷകരുടെ സംഭരണ വില അടക്കമുളള ആനുകൂല്യങ്ങൾ നൽകുക എന്നിങ്ങനെയാവും മുൻഗണനകൾ. ഇവയ്‌ക്കെല്ലാം പണം വേണം എന്നതിനാൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി അത്യാവശ്യമല്ലാത്തവ ഒഴിവാക്കും. അങ്ങനെ ലഭിക്കുന്ന പണം സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.

ഇവയ്ക്കൊപ്പം ധൂർത്തും ആർഭാടവും ഒഴിവാക്കാനും, ചെലവ് ചുരുക്കാനും തീരുമാനമുണ്ട്. ഇതെല്ലാം ചേരുമ്പോൾ സർക്കാരിനെ ജനകീയമാക്കാനുളള വക കണ്ടെത്താമെന്നാണ് പ്രതീക്ഷ. വകുപ്പുകളോട് പദ്ധതികളുടെ മുൻഗണന നിശ്ചയിച്ച് അറിയിക്കാൻ വൈകാതെ നിർദ്ദേശം നൽകും.മുന്നണിയോഗത്തിലെ ആലോചനയ്ക്ക് ശേഷം ഈ രീതി നടപ്പാക്കിത്തുടങ്ങാനാണ് ഭരണനേതൃത്വത്തിലെ ധാരണ.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം സിപിഐഎമ്മിന്റെയും ഇടത് മുന്നണിയിലെ ഇതര ഘടകകകക്ഷികളുടെയും യോഗങ്ങളിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യവും മുഖം മിനുക്കുക എന്നതായിരുന്നു. ഈ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ തന്നെയാണ് നിലവിൽ മന്ത്രിസഭയുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com