'വസ്തുതാ വിരുദ്ധം'; പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കരമന ഹരി

വിമർശനങ്ങളിൽ പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്ന് കരമന ഹരി
'വസ്തുതാ വിരുദ്ധം'; പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കരമന ഹരി

തിരുവനന്തപുരം: പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. പാർട്ടി വിടില്ലെന്ന് കരമന ഹരി വ്യക്തമാക്കി. പാർട്ടി വിടുമെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും തന്റെ വിമർശനങ്ങളിൽ പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്നും ഹരി പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുക്കളവരെ കയറുന്ന മുതലാളിമാരുണ്ടെന്ന ഹരിയുടെ ആരോപണം വിവാദമായിരുന്നു. ഇതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് ഹരി ബിജെപിയിലേക്കെന്ന വാർത്തകൾ പുറത്തുവന്നത്.

എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നാണ് കരമന ഹരി സിപിഐഎമ്മിലെ സഹപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. പാർട്ടിയിൽ വിഎസ്-പിണറായി ഗ്രൂപ്പ് പോര് കത്തി നിന്ന കാലത്തൊക്കെ ഉറച്ച പിണറായി പക്ഷക്കാരനായിരുന്നു കരമന ഹരി. ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന പലരും അന്ന് എതിർപക്ഷത്തെ പ്രധാനികളായിരുന്നു. അതേ കരമന ഹരിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് തലസ്ഥാനത്തെ സിപിഐഎം പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ ഞെട്ടലിന് ഒപ്പമാണ് കരമന ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണവും പുറത്തുവന്നത്. നഗരത്തിലെ ചില ബിജെപി നേതാക്കളുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടിയാണ് ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം നടക്കുന്നത്. നാൽപ്പത് കൊല്ലത്തെ തന്റെ രാഷ്ട്രീയം അറിയാത്തവരാണ് പ്രചരണത്തിന് പിന്നിലെന്നാണ് ഹരിയുടെ പ്രതികരണം.

കുറെക്കാലമായി ഹരി സിപിഐഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശകനാണ്. ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചപ്പോൾ ഒരു സമുദായത്തിലെ അംഗങ്ങൾക്ക് മാത്രം മുൻതൂക്കം ഉളളത് ചൂണ്ടിക്കാട്ടി 'ഇതെന്താ കരയോഗം കമ്മിറ്റിയാണോ' എന്ന് ഹരി ചോദിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ സ്വഭാവദൂഷ്യ ആരോപണം ഉയർത്തിയും നേതൃത്വത്തെ ഹരി വെല്ലുവിളിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുൻപ് ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും ഹരി കോർത്തിരുന്നു. എം വി ഗോവിന്ദൻ സംസാരിക്കെ, 'മാഷ് ക്ളാസ് ഒന്നും എടുക്കേണ്ട പറഞ്ഞാൽ മതി, ഞങ്ങളും 40 കൊല്ലമായി പാർട്ടിയിലുളളവരാണ്' എന്ന ഹരിയുടെ പരാമർശം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. നടപടിയെടുത്ത് പുറത്താക്കും എന്നായിരുന്നു ഗോവിന്ദൻെറ പ്രതികരണം. ആ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ അടുക്കളവരെ ബന്ധമുളള വ്യവസായിയെക്കുറിച്ചുളള ആരോപണം. ഈ ആരോപണത്തിൽ കരമന ഹരിക്കെതിരെ പാർട്ടി നടപടിയെടുക്കാൻ സാധ്യതയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com