ചർച്ച് ബിൽ വേഗത്തിലാക്കണമെന്ന് യാക്കോബായ സഭ; ആവശ്യം ഹെെക്കോടതി ഇടപെടലിന് പിന്നാലെ

നിയമ നിർമ്മാണം എവിടെ വരെയായെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചതും കമ്മിറ്റി ചൂണ്ടിക്കാട്ടി
ചർച്ച് ബിൽ വേഗത്തിലാക്കണമെന്ന് യാക്കോബായ സഭ; ആവശ്യം ഹെെക്കോടതി ഇടപെടലിന് പിന്നാലെ

കൊച്ചി: ചർച്ച് ബിൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ രംഗത്ത്. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആവശ്യം. തർക്കമുള്ള ആറ് പള്ളികൾ കൈമാറാനുള്ള ശ്രമം യാക്കോബായ വിശ്വാസികളുടെ എതിർപ്പ് കാരണം വീണ്ടും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ഓർത്തഡോക്സ് സഭയുമായുള്ള പള്ളി തർക്കം ശാശ്വതമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം വേഗത്തിലാക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയിൽ പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സഭാ വർക്കിങ് കമ്മിറ്റി ആണ് ആവശ്യം ഉന്നയിച്ചത്. നിയമ നിർമ്മാണം എവിടെ വരെയായെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചതും കമ്മിറ്റി ചൂണ്ടിക്കാട്ടി.

നിയമ നിർമ്മാണം വൈകുന്നത് നീതി നിഷേധമാണെന്നും ആശങ്കയുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ സുപ്രീംകോടതി വിധി നടപ്പാവാത്തതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സർക്കാർ നടപടികൾ പ്രഹസനമാണെന്ന് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. പള്ളികൾ ഏറ്റെടുക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ജൂലൈ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

നേരത്തെ ഓർത്തോഡോക്സ് സഭ ചർച്ച് ബില്ലിനെ എതിർക്കുന്നത് എന്തിനെന്ന ചോദ്യവുമായി ജോസഫ് മാർ ഗ്രിഗോറിയോസ് തന്നെ രംഗത്തെത്തിയിരുന്നു. സഭാ തർക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും പ്രശ്നം അവസാനിക്കാനാണ് ചർച്ച് ബില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരുന്നത്. അതിന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com