ബിജെപിയുടെ കഴിവില്ലായ്മയെ ലാത്തികൊണ്ട് ഒതുക്കാനാവില്ല; പരിക്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

നീറ്റ് ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദില്ലിയില്‍ മാര്‍ച്ച് നടത്തിയത്
ബിജെപിയുടെ കഴിവില്ലായ്മയെ ലാത്തികൊണ്ട് ഒതുക്കാനാവില്ല; പരിക്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ഡല്‍ഹിയിലെ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെ കഴിവില്ലായ്മയെ ലാത്തികൊണ്ട് ഒതുക്കാനാവില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിനെതിരായ ദില്ലി പൊലീസ് ലാത്തി ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന് പറയുന്ന ബിജെപിക്ക് 'ഒരു രാജ്യം ഒരു പരീക്ഷ' പോലും നടത്താന്‍ പറ്റാത്ത കഴിവില്ലായ്മയെ ലാത്തി കൊണ്ടു ഒതുക്കാനാകില്ല...' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

നീറ്റ് ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദില്ലിയില്‍ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് നീക്കി പ്രതിഷേധത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് ലാത്തി ചാര്‍ജ്ജെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നീറ്റ് വിഷയത്തില്‍ വെള്ളിയാഴ്ച അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന 'ഇന്‍ഡ്യ' സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. നീറ്റ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സിബിഐ, ഇഡി, ഗവര്‍ണറുടെ ഓഫീസ് എന്നിവയുടെ ദുരുപയോഗം എന്നിവയും സഭയില്‍ ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം വിഷയങ്ങള്‍ ഉന്നയിക്കും. തിങ്കളാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒത്തുകൂടാനും യോഗത്തില്‍ ധാരണയായതായി നേതാക്കള്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com