'പിടിക്കപ്പെടണമെന്ന് അയാള്‍ കണക്കുകൂട്ടിയിരുന്നു'; കളിയിക്കാവിള കൊലക്കേസ്,'അജ്ഞാതനെ' തിരഞ്ഞ് പൊലീസ്

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ അനുസ്മരിപ്പിക്കും വിധം പൊലീസിന്റെ ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു
'പിടിക്കപ്പെടണമെന്ന് അയാള്‍ കണക്കുകൂട്ടിയിരുന്നു';
കളിയിക്കാവിള കൊലക്കേസ്,'അജ്ഞാതനെ' തിരഞ്ഞ് പൊലീസ്

തിരുവനന്തപുരം: ദുരൂഹതകൾ നിറഞ്ഞ കളിയിക്കാവിള ദീപു കൊലപാതക കേസിലെ ചുരുളഴിക്കാൻ ഉള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞ് പ്രതി അമ്പിളി അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയാണ്. കൊലപാതകം ക്വട്ടേഷൻ തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ്, ക്വട്ടേഷൻ നൽകിയ അജ്ഞാതന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്താൻ പ്രതി അമ്പിളിക്ക് ക്വട്ടേഷൻ ലഭിച്ചിരുന്നു എന്നാണ് ഒടുവിലത്തെ വിവരം. അമ്പിളിയുടെ കുറ്റസമ്മത മൊഴിയിലാണ് ഈ നിർണായക വെളിപ്പെടുത്തലുള്ളത്.

ദീപുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പൂങ്കുളം സ്വദേശിയാണെന്നാണ് അമ്പിളിയുടെ വെളിപ്പെടുത്തൽ. ദീപുവിനെ കൊലപ്പെടുത്താനുള്ള കത്തിയും മറ്റ് ഉപകരണങ്ങളും നൽകിയത് ഇയാളാണെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നു. കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടന്ന കളിയിക്കാവിളയിലും സമീപപ്രദേശങ്ങളിലും ഇയാൾക്കൊപ്പം കാറിൽ വന്നിരുന്നതായും അമ്പിളി പോലീസിന് മൊഴി നൽകി. കൊട്ടേഷൻ നൽകി എന്ന് പറയപ്പെടുന്ന പൂങ്കുളം സ്വദേശിക്കായി നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്.

പൊലീസ് സ്റ്റേഷൻ പുത്തരിയല്ലാത്ത അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ അനുസ്മരിപ്പിക്കും വിധം പൊലീസിന്റെ ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കു കൂട്ടിയിരുന്നു. കൊലപാതകം സമ്മതിച്ച അമ്പിളി, കൊലപാതക കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതൽ നൽകുന്നത്. കടത്തിലായ ദീപു ഇൻഷുറൻസ് തുക ലഭിക്കുന്നതിനാണ് തന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിച്ചത് എന്നായിരുന്നു ആദ്യ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ എടുത്തിട്ടില്ലെന്നും പറഞ്ഞ ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും, ബസ് മാർഗമാണ് വീട്ടിലെത്തിയതെന്നും പറയുന്നു. അമ്പിളിക്കും കസ്റ്റഡിയിലുള്ള ഭാര്യക്കും ഒപ്പം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ലക്ഷം രൂപയോളം കണ്ടെത്തിയിട്ടുണ്ട്.

അടിമുടി ദുരൂഹതകൾ നിറഞ്ഞ കേസിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്കാണ്. വൃക്ക രോഗിയായ അമ്പിളിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താൻ കഴിയുമോ? ആരു പറഞ്ഞിട്ടാണ് അമ്പിളി കൊലപാതകം നടത്തിയത്? എന്തിനായിരുന്നു കൊലപാതകം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമ്പോഴേക്കും കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പ്.

തിങ്കളാഴ്ച രാത്രി 11 മണിയോടു കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിർത്തിയിരുന്ന കാർ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് അറുത്ത നിലയിൽ ദീപുവിൻ്റെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ബാഗുമായി ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക് ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com