കെ കെ ലതികയ്ക്ക് പിഴവ് പറ്റി, പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നു; കെ ടി കുഞ്ഞിക്കണ്ണന്‍

ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതിക പിന്‍വലിക്കുകയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
കെ കെ ലതികയ്ക്ക് പിഴവ് പറ്റി,  പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നു; കെ ടി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ കെ കെ ലതികയ്ക്ക് പിഴവ് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍. സാമൂഹിക വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതിക പിന്‍വലിക്കുകയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് നികേഷ് കുമാറി'ല്‍ സംസാരിക്കവേയാണ് കെ ടി കുഞ്ഞികണ്ണന്‍ ലതികയുടെ നടപടിയില്‍ പ്രതികരിച്ചത്.

കെ കെ ലതികക്ക് പിഴവ് പറ്റി. സൂക്ഷ്മത കുറവുണ്ടായി. ചെയ്യാന്‍ പാടില്ലായിരുന്നു. ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നു എന്ന് ആളുകളെ അറിയിക്കുന്നതിന് വേണ്ടിയാണെങ്കിലും സാമൂഹിക വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞത്.

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ഫേസ്ബുക്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്‌ക്രീന്‍ ഷോട്ട് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദവസം അറിയിച്ചിരുന്നു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് വിഷയത്തില്‍ സിപിഐഎമ്മിനെതിരെ ഷാഫി പറമ്പിലും രംഗത്തെത്തി.

പ്രചാരണവേളയില്‍ കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന സിപിഐഎം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. അപ്ലോഡ് ചെയ്ത് കാല്‍മണിക്കുറിനുള്ളില്‍ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സിപിഐഎം നേതാവ് കെ കെ ലതികയുടെയും ഫോണ്‍ പരിശോധിച്ചിരുന്നു. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നും പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com