കണ്ണൂരില്‍ ബിജെപി മുന്നേറ്റം സിപിഐഎം ശക്തി കേന്ദ്രങ്ങളില്‍; ഏറ്റവുമധികം മുഖ്യമന്ത്രിയുടെ ധർമ്മടത്ത്

മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തും പാര്‍ട്ടി സെക്രട്ടറിയുടെ തളിപ്പറമ്പിലും കെ കെ ശൈലജ എംഎല്‍എയായ മട്ടന്നൂരിലും എല്‍ഡിഎഫ് കണ്‍വീനറുടെ അഴീക്കോടും അടക്കം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ചത് സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ്.
കണ്ണൂരില്‍ ബിജെപി മുന്നേറ്റം സിപിഐഎം ശക്തി കേന്ദ്രങ്ങളില്‍; ഏറ്റവുമധികം മുഖ്യമന്ത്രിയുടെ ധർമ്മടത്ത്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ചത് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത്. 2019ലെ ലോക്‌സഭ തിഞ്ഞടുപ്പിനേക്കാള്‍ 8,104 വോട്ടുകളാണ് ധര്‍മ്മടത്ത് ബിജെപി നേടിയത്. മുഖ്യമന്ത്രി വോട്ടുചെയ്ത 161-ാംനമ്പര്‍ ബൂത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി വര്‍ധിച്ചു. പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പിലും മട്ടന്നൂരിലും ബിജെപി വന്‍ വോട്ട് വര്‍ധനയാണ് ഉണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തും പാര്‍ട്ടി സെക്രട്ടറിയുടെ തളിപ്പറമ്പിലും കെ കെ ശൈലജ എംഎല്‍എയായ മട്ടന്നൂരിലും എല്‍ഡിഎഫ് കണ്‍വീനറുടെ അഴീക്കോടും അടക്കം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധിപ്പിച്ചത് സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ നേടാന്‍ കഴിഞ്ഞത് 8538 വോട്ടുകളാണ്. ഇക്കുറി ഇരട്ടിയോളം വോട്ടുകള്‍ ബിജെപി ധര്‍മ്മടത്ത് അധികമായി നേടി. 8173 വോട്ടുകളുടെ വര്‍ധനയാണ് ധര്‍മ്മടത്ത് ബിജെപി നേടിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിലും ബിജെപി വന്‍ നേട്ടമുണ്ടാക്കി. 8047 വോട്ടുകള്‍ വര്‍ധിപ്പിച്ചു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ മട്ടന്നൂരിലും 7547 വോട്ടുകള്‍ ബിജെപി പിടിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ശക്തി കേന്ദ്രമല്ലെങ്കിലും എല്‍ഡിഎഫ് പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫ് കണ്‍വീനറുടെ അഴീക്കോട് നിയോജക മണ്ഡലത്തില്‍ ബിജെപി വര്‍ധിപ്പിച്ചത് 8104 വോട്ടുകളാണ്.

യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഇരിക്കൂറിലും പേരാവൂരിലും താരതമ്യേന ബിജെപി മുന്നേറ്റം കുറവാണ്. മുസ്ലിം ന്യൂനപക്ഷ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ചയാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ടുന്ന പരമ്പരാഗത ഹിന്ദു വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. പകരം വോട്ടര്‍മാര്‍ ബദലായി സ്വീകരിച്ചത് ബിജെപിയെയാണെന്ന് വേണം കണക്കാക്കാന്‍. എല്‍ഡിഎഫ് ലക്ഷ്യം വെച്ചത് ന്യൂനപക്ഷ വോട്ടുകളാണ്. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത് കയ്യിലുള്ള പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നുപോയി. നേട്ടമുണ്ടാക്കിയത് ബിജെപിയും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com