'വിജയത്തിന്‍റെ ക്രെഡിറ്റ് സുരേന്ദ്രനാണോ എന്നറിയില്ല'; ബിജെപി പോസ്റ്റില്‍ സുരേഷ് ഗോപി

കേന്ദ്ര മന്ത്രി സ്ഥാനം തനിക്കൊരു ഭാരിച്ച ചുമതലയാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'വിജയത്തിന്‍റെ  ക്രെഡിറ്റ് സുരേന്ദ്രനാണോ എന്നറിയില്ല'; ബിജെപി പോസ്റ്റില്‍  സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ടുള്ള ബിജെപി നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സുരേഷ് ഗോപി. രാഷ്ട്രീയത്തിലുപരി വ്യക്തിപരമായ വോട്ടാണ് താന്‍ നേടിയതെന്ന് പറയുന്നില്ല. പലരുടേയും അധ്വാനത്തെ ചോദ്യം ചെയ്യുന്നതായിരിക്കും അതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി നേടിയത് ബിജെപിയുടെ രാഷ്ട്രീയവോട്ടല്ല എന്ന അഭിപ്രായം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'അതിന് എന്റെ പക്കല്‍ മറുപടിയുണ്ട്. അത് പറഞ്ഞാല്‍ എന്റെ ലീഡര്‍ക്ക് കൊടുക്കുന്ന ചെളിയേറ് ആയിരിക്കും. ഞാന്‍ അദ്ദേഹത്തെ നെഞ്ചിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് അതൊരു ലൈസന്‍സാക്കി വേണ്ടാധീനം പറയുന്നവര്‍ക്ക് കരുതാം. ഞാന്‍ അവരെ തിരിച്ചൊന്നും പറയില്ല.' സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര മന്ത്രി സ്ഥാനം തനിക്കൊരു ഭാരിച്ച ചുമതലയാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. പത്ത് വകുപ്പുകളുടെയും ഏകോപന ചുമതലയുള്ള എംപിയാകാനാണ് കൂടുതല്‍ താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.

ബിജെപിയുടെ കേരളത്തിലെ മികച്ച പ്രകടനത്തിന്റെ വിജയശില്‍പ്പി കെ സുരേന്ദ്രനാണെന്നാണ് പാര്‍ട്ടിയുടെ അഭിനന്ദനം. പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അഭിനന്ദന കുറിപ്പ് പോസ്റ്റിട്ടത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നാണ് ഫേസ്ബുക്ക് പേജിലെ കുറിപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com