വിട പറഞ്ഞത് മാറുമറക്കല്‍ സമരത്തിന്റെ ധീരനായകന്‍; ഒരു കാലത്തിന്റെ സമരവീര്യവും

വേലൂരിലെ മാറുമറയ്ക്കല്‍ സമരത്തിലൂടെയാണ് ആ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയത്.
വിട പറഞ്ഞത് മാറുമറക്കല്‍ സമരത്തിന്റെ ധീരനായകന്‍; ഒരു കാലത്തിന്റെ സമരവീര്യവും

സഖാവ് കെ എസ് ശങ്കരന്‍ വിടപറഞ്ഞിരിക്കുന്നു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ നേതാവ് തന്റെ 89ാം വയസിലാണ് വിട പറഞ്ഞത്. വേലൂരിലെ മാറുമറയ്ക്കല്‍ സമരത്തിലൂടെയാണ് ആ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയത്.

വടക്കാഞ്ചേരിയ്ക്കടുത്ത വേലൂരിലെ മണിമലര്‍ക്കാവ് ക്ഷേത്രത്തിലെ അരിത്താലത്തിന് സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന അനാചാരത്തിനെതിരെയാണ് കെ എസ് ശങ്കരനും സഖാക്കളും സമരം നടത്തിയത്. ഈ സമരത്തിന് ആ നാട്ടിലെ സ്ത്രീകള്‍ ഒരുങ്ങിയത് കെ എസ് ശങ്കരനും സഖാക്കളും മുന്‍പ് നടത്തിയ ഒരു സമരത്തിന്റെ വിജയത്തെ തുടന്നായിരുന്നു. വാഴാനി കനാല്‍ സമരമായിരുന്നു അത്.

1955ലാണ് വാഴാനിയില്‍ കനാല്‍ പണി നടന്നത്. ഇരുന്നൂറോളം പേര്‍ ജോലിക്കെത്തിയിരുന്നു. സ്ത്രീകളും പുരുഷന്‍മാരുമടങ്ങിയ തൊഴിലാളികള്‍ രാവിലെ ഏഴിന് പണി തുടങ്ങിയാല്‍ അവസാനിക്കുക രാത്രി ഏഴരയോടെയായിരുന്നു. കൂലിയാവട്ടെ 50 പൈസ മാത്രം. ഈ തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ കെഎസ് ശങ്കരനടക്കമുള്ള തൊഴിലാളി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സമര സമിതി രൂപീകരിക്കുകയും ചെയ്തു.

കനാല്‍ കോണ്‍ട്രാക്ടര്‍ ചാലക്കുടി കുമാരന്‍ നായര്‍ക്ക് ആവശ്യങ്ങള്‍ വിവരിച്ച് മെമ്മോറാണ്ടം കൊടുത്തു. എന്നാല്‍ ആവശ്യങ്ങളെ പരിഗണിക്കാന്‍ കോണ്‍ട്രാക്ടര്‍ തയ്യാറായില്ല. 42 ദിവസം തൊഴിലാളികള്‍ നിരാഹാരമിരുന്നു. മറ്റിടങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് ട്രെയിനില്‍ മണ്ണ് കൊണ്ടുവന്ന് സമരത്തെ പരാജയപ്പെടുത്താനാണ് കോണ്‍ട്രാക്ടര്‍ ശ്രമിച്ചത്.

തൊഴിലാളികള്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പക്ഷെ ട്രെയിന്‍ എത്താറായതോടെ സമര നേതാക്കളിലൊരാളായ എഎസ്എന്‍ മ്പീശന്‍ പാളത്തില്‍ തലവെച്ച് കിടന്നു. ഇതോടെ ആ ശ്രമം കോണ്‍ട്രാക്ടര്‍ ഉപേക്ഷിച്ചു. കെഎസ് ശങ്കരനെയും മറ്റ് നേതാക്കളെയും ഇരുന്നൂറോളം തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്ന് മാസത്തോളം ജയിലില്‍ കിടന്നു.

ഇതോടെ വിഷയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സി ജനാര്‍ദ്ദനന്‍, ജോര്‍ജ് ചടയംമുറി, വി വി രാഘവന്‍, പി സി കരുണന്‍ എന്നിവര്‍ ഏറ്റെടുത്തു. അതോടെ കോണ്‍ട്രാക്ടര്‍ കീഴടങ്ങി. ജോലി സമയം എട്ടുമണിക്കൂര്‍ ആക്കുകയും കൂലി ഇരട്ടിയാക്കുകയും ചെയ്തു.

ഈ സമരം വിജയിച്ചതോടെയാണ് മാറുമറയ്ക്കല്‍ സമരത്തിന് ആരംഭമായത്. എഎസ്എന്‍ നമ്പീശന്‍, കെ എസ് ശങ്കരന്‍, എഎല്‍ ഫ്രാന്‍സിസ്, അത്താണിക്കല്‍ അറുമുഖന്‍ എന്നിവരായിരുന്നു സമര നേതാക്കള്‍. മണിമലര്‍ക്കാവിലെ കുംഭഭരണിയോടനുബന്ധിച്ചുള്ള കുതിരവേലക്ക് അരിത്താലമെടുക്കാന്‍ സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ലെന്നായിരുന്നു ആചാരം. സ്ത്രീകളുടെ മാറ് മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1955ല്‍ കെ എസ് ശങ്കരനും എഎസ്എന്‍ നമ്പീശനും ക്ഷേത്ര ഭരണസമിതിയെ സമീപിച്ചെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഓരോവീട്ടിലും ശങ്കരനും മ്പീശനും കയറിയിറങ്ങി സ്ത്രീകളെ നേരിട്ടുകണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഒരു വീട്ടില്‍ നിന്ന് ഒരു സ്ത്രീയെങ്കിലും മാറുമറച്ച് താലപ്പൊലിയെടുക്കണമെന്ന് പറഞ്ഞു. 23 സ്ത്രീകള്‍ മുന്നോട്ടുവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആ സ്ത്രീകള്‍ 1956ലെ മണിമലര്‍ക്കാവിലെ കുതിരവേലയ്ക്ക് സ്ത്രീകള്‍ മാറുമറച്ച് താലമെടുത്തു. എതിര്‍പ്പുയര്‍ന്നെങ്കിലും അടുത്ത വര്‍ഷം മുതല്‍ മാറു മറച്ചേ താലമെടുക്കൂ എന്ന നിലപാടിന് മുന്നില്‍ ക്ഷേത്രഭരണസമിതി വഴങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com