കുടിവെള്ളത്തിനും വൈദ്യുതിക്കും കുട്ടികളില്‍ നിന്ന് പണം; കടമ്പൂര്‍ സ്‌കൂളില്‍ എയ്ഡഡ് കൊള്ള

എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് ഒരുതരത്തിലും പണപ്പിരിവ് പാടില്ലെന്ന ചട്ടം ലംഘിച്ചാണ് കടമ്പൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിച്ചുപറി
കുടിവെള്ളത്തിനും വൈദ്യുതിക്കും കുട്ടികളില്‍ നിന്ന് പണം; കടമ്പൂര്‍ സ്‌കൂളില്‍ എയ്ഡഡ് കൊള്ള

കണ്ണൂര്‍: എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടികളില്‍ നിന്ന് അനധികൃതമായി പിരിച്ചെടുക്കുന്നത് കോടികള്‍. സ്‌കൂളിന്റെ വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ എന്നിവയുടെ പേരില്‍ കണ്ണൂര്‍ കടമ്പൂര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചെടുത്തത് കോടികളാണ്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ചോദ്യപേപ്പറിനും കുട്ടികള്‍ മാനേജ്‌മെന്റിന് പണം കൊടുക്കേണ്ട സ്ഥിതിയാണ്. നിയമവിരുദ്ധമായി അമ്പത് ലക്ഷത്തിലേറെ രൂപയാണ് ഓരോ വര്‍ഷവും ഈ വകയില്‍ മാത്രം പിരിച്ചെടുത്തത്. എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് ഒരുതരത്തിലും പണപ്പിരിവ് പാടില്ലെന്ന ചട്ടം ലംഘിച്ചാണ് കടമ്പൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിച്ചുപറി.

വര്‍ഷങ്ങളായി ഈ പണപ്പിരിവ് തുടങ്ങിയിട്ട്. 2017 മുതലുള്ള അനധികൃത പിരിവിന്റെ ബില്ലുകളും റിപ്പോര്‍ട്ടറിന് ലഭിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ട് അടപ്പിച്ച വൈദ്യുതി, കുടിവെള്ള ബില്ലുകളും സൗജന്യ ചോദ്യപേപ്പറിന് പണം കൊടുത്തതിന്റെ തെളിവുകളും റിപ്പോർട്ടറിന് ലഭിച്ചു. സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ അട്ടിമറിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ സപ്ലൈ ചാര്‍ജായി കൊടുക്കേണ്ടത് 150 രൂപയാണ്. സര്‍ക്കാര്‍ അച്ചടിച്ച് നല്‍കുന്ന ചോദ്യപേപ്പറിനും കുട്ടികള്‍ 200 രൂപ മാനേജ്‌മെന്റിന് നല്‍കണം. എട്ട് മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് ഈ രണ്ടിനത്തിലും ചേര്‍ത്ത് 550 രൂപയാണ് പിരിക്കുന്നത്. എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികളില്‍ നിന്നുള്‍പ്പെടെ ഈ തുക മാനേജ്‌മെന്റ് പിരിച്ചെടുക്കുന്നുണ്ട്.

5500ത്തോളം കുട്ടികള്‍ ഹൈസ്കൂള്‍ യുപി വിഭാഗങ്ങളിലായി പഠിക്കുന്ന സ്ഥാപനത്തില്‍ മാനേജ്‌മെന്റ് ഒറ്റ വര്‍ഷംകൊണ്ട് അനധികൃതമായി പിരിച്ചെടുക്കുന്നത് അമ്പത് ലക്ഷത്തിലധികം രൂപയാണ്. ചോദ്യപേപ്പര്‍ അച്ചടിച്ചു നല്‍കുന്നത് വിദ്യാഭ്യാസ വകുപ്പ്. ഇലക്ട്രിസിറ്റിക്കും വെള്ളത്തിനുമുള്ള പണം എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായും കിട്ടുന്നു. ഇതിനിടയിലാണ് അതേ പേരില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്ത് നിയമവും ചട്ടവും അട്ടിമറിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി തവണ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ രാഷ്ട്രീയ സ്വാധീനമാണ് നടപടി ഇല്ലാത്തത്തിന് കാരണമായി പറയപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങളും നടപടികളും കാറ്റില്‍ പടര്‍ത്തിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com